സിഡ്നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിന്റെ തനതായ പാരമ്പര്യത്തിലേക്കും ചരിത്രത്തിലേക്കും മിഴി തുറക്കുന്ന ടൂറിസം കാമ്പെയിനുമായി സര്‍ക്കാര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ അടുത്ത മാസം തുറക്കുന്നതോടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പത്തു ദശലക്ഷത്തോളം ഡോളര്‍ ചെലവഴിച്ച് പ്രചാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
കോവിഡിനെതുടര്‍ന്ന് രണ്ടു വര്‍ഷത്തോളം അടഞ്ഞുകിടന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുകയാണ് ലക്ഷ്യം.
'ഫീല്‍ ന്യൂ സൗത്ത് വെയില്‍സ്' എന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചത്. ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴിയും പരസ്യ ബോര്‍ഡുകള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവ വഴിയുമാണ് പ്രചാരണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം പ്രചാരണ പരിപാടിയാണിത്.
സിഡ്നി ഓപ്പറ ഹൗസ്
ഓസ്ട്രേലിയയില്‍ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ന്യൂ സൗത്ത് വെയില്‍സ്. തദ്ദേശീയരും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികളാണ് കോവിഡിനു മുന്‍പ് ഇവിടെയെത്തിയിരുന്നത്. ന്യൂ സൗത്ത് വെയില്‍സിന്റെ തനതായ പാരമ്പര്യവും ചരിത്രവുമാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ന്യൂ സൗത്ത് വെയില്‍സില്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍, ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ സിഡ്നി വഴിയുള്ള ക്വാറന്റീന്‍ രഹിത യാത്രയ്ക്ക് അനുമതിയുള്ളൂ.
വിക്ടോറിയയില്‍നിന്നും ക്വീന്‍സ്ലന്‍ഡില്‍ നിന്നുമുള്ളവര്‍ക്ക് അടുത്ത മാസം മുതല്‍ സംസ്ഥാനത്തേക്കു പ്രവേശനാനുമതിയുണ്ട്.
രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തയാറാക്കിയ പദ്ധതിയാണിതെന്ന് ടൂറിസം മന്ത്രി സ്റ്റുവര്‍ട്ട് അയേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാണാത്ത തരത്തിലുള്ള ഒരു 'ബ്രാന്‍ഡ് കാമ്പെയിന്‍' ആണിത്. സഞ്ചാരികള്‍ക്ക് ന്യൂ സൗത്ത് വെയില്‍സിനെ പുതുതായി അനുഭവിപ്പിക്കാന്‍ ഈ പ്രചാരണ പരിപാടിയിലൂടെ കഴിയുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് ഉന്മേഷവും ഊര്‍ജം പകരുകയാണ് ലക്ഷ്യം.
സിഡ്നിയിലെ പതിവു ടൂറിസം ആകര്‍ഷണങ്ങളായ ഹാര്‍ബര്‍ ബ്രിഡ്ജ്, ഓപ്പറ ഹൗസ് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ തദ്ദേശീയമായ അനുഭവങ്ങള്‍ പകരുകയാണ് പുതിയ കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 500 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ടൂറിസം പാക്കേജിന്റെ ഭാഗമാണ് ഈ കാമ്പെയിന്‍. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ വൗച്ചറുകളും ഉള്‍പ്പെടുത്തിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
നിന സിമോണിന്റെ 1965-ലെ 'ഫീലിംഗ് ഗുഡ്' എന്ന പ്രശസ്തമായ ഗാനമാണ് കാമ്പെയിന് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പ്രാദേശിക ഗായകന്‍ അസുര്‍ റൈഡര്‍ ഗാനം വീണ്ടും റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
അതിമനോഹരമായ നീല മലനിരകള്‍, മഞ്ഞുമലകള്‍, ഡാര്‍ലിംഗ് ഹാര്‍ബര്‍, മഹോണ്‍ ഓഷ്യന്‍ പൂള്‍, മുംഗോ നാഷണല്‍ പാര്‍ക്ക്, സിഡ്നിയുടെ വടക്കന്‍ ബീച്ചുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കാന്‍ ബംഗാര ഡാന്‍സ് തിയറ്ററിനു ചുമതലയും നല്‍കി.
ന്യൂ സൗത്ത് വെയില്‍സിലെ ടൂറിസം മേഖലയില്‍ 300,000-ത്തിലധികം ആളുകളാണ് ജോലി ചെയ്യുന്നത്. 38 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. 2030-ഓടെ ഇത് 65 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26