ലണ്ടൻ: പ്രണയം അനശ്വരമാണെന്ന് കാവ്യങ്ങളിലുടെ പറയാറുണ്ട്. എന്നാൽ അനശ്വര പ്രണയം സത്യമാണെന്ന് തെളിയിക്കുകയാണ് ഇവിടെ. ബ്രിട്ടണിൽ നിന്നുള്ള ഒരു അമ്മയും മകനും വീടിനുള്ളിലെ ടൈലിനടിയിൽ നിന്ന് നൂറ് വർഷത്തിന് മേൽ പഴക്കമുള്ള പ്രണയലേഖനം കണ്ടെത്തിയിരിക്കുകയാണ്.
ഡോൺ കോർനസ് എന്ന സ്ത്രീയും മകനായ ലൂക്കാസുമാണ് പഴയ വീടിന്റെ തറയോടിനുള്ളിൽ നിന്ന് പ്രണയലേഖനം കണ്ടെത്തിയത്. വിവാഹിതയും തന്റെ പ്രണയിനിയുമായ സ്ത്രീക്ക് റോണാൾഡ് എന്നയാൾ എഴുതിയ കത്താണ് ഇവർ കണ്ടെത്തിയത്. കത്തിൽ നിറഞ്ഞുനിന്നത് വികാരതീവ്രമായ പ്രണയം. ഡോണിന്റെ വീട്ടിലുള്ള 55 ഇഞ്ച് വലുപ്പമുള്ള ടി.വി താഴെ വീണു പൊട്ടി. കൂടെ നിലത്തുള്ള തറയോടുകളും തകർന്നു. ഇത് വൃത്തിയാക്കുന്നതിനിടെയാണ് പഴയ വീടിന്റെ ടൈലുകൾക്കിടയിൽ നിന്ന് ഒരു കത്ത് ഇവർക്ക് കിട്ടിയത്.
റോണാൾഡ് ഹാബ്ഗുഡ് എന്നയാൾ തന്റെ പ്രണയിനിക്ക് എഴുതിയ കത്താണ് അതെന്ന് ഇവർക്ക് വ്യക്തമായി. കാലപ്പഴക്കം മൂലം ഹാബ്ഗുഡ് എന്നു തന്നെയാണോ അവസാന പേരെന്ന് വ്യക്തമല്ല. എഴുതിയത് എന്താണെന്ന് പൂർണമായും വ്യക്തമാവാത്തതിനെ തുടർന്ന് ഇവർ ഈ കത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളാണ് കത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കികൊടുത്തത്.
കത്തിലെ വരികൾ :
"എന്റെ മാത്രം പ്രിയപ്പെട്ടവളേ.. എന്നും രാവിലെ എന്നെ കാണാൻ വരാൻ നീ ശ്രമിക്കുമോ? എന്റേയും നിന്റേയും കാതുകൾക്ക് മാത്രമറിയാവുന്ന അതിരഹസ്യമായിരിക്കണം ഇക്കാര്യം. നീ ഒരു വിവാഹിതയായതിനാൽ എന്നെ കാണാൻ വരുന്നത് ആരെങ്കിലും അറിഞ്ഞാൽ അത് പ്രശ്നങ്ങളുണ്ടാക്കും. ഞാൻ നിന്നെ സ്നേഹിക്കുന്നു. പറ്റുമെങ്കിൽ എന്നും അർധരാത്രിയിൽ ഫുൾവുഡ് ട്രാം കോർണറിൽ എന്നെ കാണാൻ വരാൻ ശ്രമിക്കുക. നിന്നെ കാണുമെന്ന പ്രതീക്ഷയോടെ, നിന്റെ മാത്രം റൊണാൾഡ്.. "
എന്നാൽ കത്തിൽ തീയതി ഇല്ലാത്തതിനാൽ എപ്പോഴാണ് ഇത് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും കത്തിലെ വിവരങ്ങൾവെച്ച് നൂറ് വർഷംവരെ പഴക്കമുള്ളതാവാം കത്തെന്നാണ് കരുതുന്നത്. കത്ത് 1920കളിലോ മറ്റോ എഴുതിയതാവാം എന്നാണ് കരുതുന്നത്. കാരണം, കത്തിൽ പറഞ്ഞിരിക്കുന്ന ഫുൽവുഡ് ട്രാം കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്നില്ല. അതിനു മുൻപായിരിക്കണം കത്ത് എഴുതപ്പെട്ടത്.
1917ൽ നിർമിച്ച വീടാണ് ഇവരുടേതെന്നാണ് രേഖകൾ പറയുന്നത്. ഓൺലൈനിൽ ലഭ്യമായ രേഖകൾ തിരഞ്ഞ് അജ്ഞാതനായ ആ കാമുകൻ ആരാണെന്ന് കണ്ടെത്താൻ ഫെയ്സ്ബുക്കിലെ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
'നിങ്ങളുടെ വീട് എത്ര മനോഹരമായ ചരിത്രമാണ് ഒളിപ്പിച്ചു വെച്ചിരുന്നത്!' എന്നാണ് പോസ്റ്റ് കണ്ട ഒരാൾ പ്രതികരിച്ചത്.
ഫെയ്സ്ബുക്കിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റാണിതെന്ന് ഞാൻ കരുതുന്നു. എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. എന്നാൽ കത്ത് ലഭിച്ച സംഭവത്തെ 'മധുരമായ അനുഭവം' എന്നാണ് ഡോൺ കോർനസും മകൻ ലൂക്കാസും പറയുന്നത്. കത്ത് ഫ്രെയിം ചെയ്ത് മൊമന്റോ ആക്കി സൂക്ഷിക്കാനാണ് ഇവരുടെ തീരുമാനം. നൂറ്റാണ്ടു പഴക്കമുള്ള പ്രണയത്തിന് അതൊരു സ്മാരകമായിരിക്കുമെന്നും അവർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.