മുല്ലപ്പെരിയാറില്‍ പ്രതീക്ഷയേറുന്നു: ഡാമിന്റെ സുരക്ഷ പ്രധാനം, ഒരു ജീവന്‍ പോലും നഷ്ടമാകരുതെന്ന് സുപ്രീം കോടതി; കേസ് നാളെ വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാറില്‍ പ്രതീക്ഷയേറുന്നു: ഡാമിന്റെ സുരക്ഷ പ്രധാനം, ഒരു ജീവന്‍ പോലും നഷ്ടമാകരുതെന്ന് സുപ്രീം കോടതി; കേസ് നാളെ വീണ്ടും പരിഗണിക്കും

നിലവിലെ ജലനിരപ്പ് അതേപടി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി.
137.60 അടിയാണ് ഡാമില്‍ നിലവിലുള്ള ജലനിരപ്പ്.
സത്യവാങ്മൂലം നാളെ തന്നെ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പ്രധാനമാണെന്നും ഇതിന്റെ പേരില്‍ ഒരു ജീവന്‍ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുപ്രീം കോടതി. നിലവിലെ ജലനിരപ്പ് അതേപടി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ച കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. 137.60 അടിയാണ് ഡാമില്‍ നിലവിലുള്ള ജലനിരപ്പ്.

കേന്ദ്ര ജലവിഭവ കമ്മീഷന്‍ പ്രതിനിധി ഗുല്‍ഷന്‍ രാജ് ചെയര്‍മാനായ മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതി ജലനിരപ്പ് 137 അടിയില്‍ താഴെയായി നിലനിര്‍ത്താമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചീഫ് സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാണ്.

ഡാമിന്റെ സ്ഥിരതയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കയുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ട് പ്രളയത്തിന് കാരണമാണ്. ഒരു പരിധിക്കപ്പുറം വെള്ളം ഒഴുക്കി വിട്ടാലും പ്രളയം ഉണ്ടാകും. മേല്‍നോട്ട സമിതി വസ്തുതകള്‍ കൃത്യമായി പരിഗണിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ മൂന്ന് പേജുള്ള നോട്ടായി മേല്‍നോട്ട സമിതിക്ക് നല്‍കിയിട്ടുണ്ടെന്നും അത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും കേരളം അറിയിച്ചു. നാളെ കേസ് പരിഗണിയ്ക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളത്തോട് കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ തന്നെ കേരളം സത്യവാങ്മൂലം സമര്‍പ്പിക്കും. പുതിയ അണക്കെട്ട് എന്ന സംസ്ഥാനത്തിന്റെ ചിരകാല ആവശ്യവും ഇതോടൊപ്പം വീണ്ടും സമര്‍പ്പിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.