വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ശ്ലീഹന്‍മാരായ ശിമയോനും യൂദായും

വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ശ്ലീഹന്‍മാരായ ശിമയോനും യൂദായും

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 28

യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്‍മാരില്‍പ്പെട്ട ശിമയോന്റെയും  യൂദാ തദേവൂസിന്റെയും   ഓര്‍മ്മ ദിവസമാണിന്ന്. സുവിശേഷം പ്രസംഗിക്കവേ ഒന്നിച്ച് രക്തസാക്ഷിത്വം വരിച്ചു എന്ന വിശ്വാസമുള്ളതിനാലാണ് ഇരുവരുടെയും ഓര്‍മ്മ ദിനം ഒന്നിച്ച് ആചരിക്കുന്നത്.

വിശുദ്ധ ശിമയോന്‍

ചെറിയ ശിമയോന്‍ എന്നറിയപ്പെടുന്ന ശിമയോന്‍, 'തീവ്രവാദിയായ ശിമയോന്‍' എന്നാണ് വിളിക്കപ്പെടുന്നത്. പത്രോസ് ശ്ലീഹായുടെ പേരും ശിമയോന്‍ എന്നായതിനാല്‍ ഇരുവരെയും തിരിച്ചറിയുന്നതിനുവേണ്ടിയാവും ഈ വിശേഷങ്ങള്‍ പേരിനൊപ്പം ചേര്‍ത്തു വിളിച്ചിരുന്നത്. 13 ശിമയോന്‍മാരെപ്പറ്റി ബൈബിളില്‍ പരാമര്‍ശമുണ്ട്. 'തീവ്രവാദി'യായ ശിമയോന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍ ശിഷ്യന്‍മാരുടെ പട്ടികയില്‍ മാത്രമേ പരാമര്‍ശമുള്ളൂ.

ആദിമസഭാ പിതാക്കന്‍മാരുടെ ലേഖനങ്ങളിലോ അപ്രാമാണിക ഗ്രന്ഥങ്ങളിലോ ഈ ശ്ലീഹായെപ്പറ്റി അധികമൊന്നും പറയുന്നില്ല. മത്തായി, മര്‍ക്കോസ് സുവിശേഷകര്‍ യേശുവിന്റെ ശിഷ്യന്‍മാരുടെ പട്ടിക എഴുതുമ്പോള്‍ 'കാനാന്‍കാരനായ ശിമയോന്‍' എന്നും ലൂക്കാ 'തീവ്രവാദിയായ ശിമയോന്‍' എന്നും എഴുതുന്നു. റോമാക്കാരുടെ ഭരണത്തിനെതിരെ വിപ്ലവം നയിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു ശിമയോന്‍. അതുകൊണ്ടാണ് ഇങ്ങനെയൊരു വിളിപ്പേര് അദ്ദേഹത്തിനു കിട്ടിയത്.

'ശ്ലീഹന്‍മാരുടെ സഹന സമരങ്ങള്‍' എന്ന അപ്രാമാണിക ഗ്രന്ഥത്തില്‍ ശിമയോന്‍ ശ്ലീഹായുടെ സുവിശേഷ പ്രവര്‍ത്തനത്തെ കുറിച്ചു പറയുന്നുണ്ട്. സമരിയായിലും ജറുസലേമിലും അദ്ദേഹം ദൈവവചനം പ്രസംഗിച്ചു. പിന്നീട് ആഫ്രിക്ക, ലിബിയ, മൗറിത്താനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചതായി ചില പുരാതന രേഖകളില്‍ കാണാം. ക്രിസ്തീയ വിശ്വാസം ആദ്യമായി ബ്രിട്ടനിലെത്തിച്ചതും ശിമയോന്‍ ശ്ലീഹായാണെന്ന് കരുതപ്പെടുന്നു.

വിശുദ്ധ യൂദാ തദേവൂസ്

യേശു ക്രിസ്തുവിന്റെ ബന്ധുവായിരുന്നു യൂദാ തദേവൂസ്. പരിശുദ്ധ മറിയത്തിന്റെ സഹോദരിയായ മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാ. യേശുവിന്റെ ശിഷ്യനായിരുന്ന കൊച്ചു യാക്കോബും സീമോനും ജോസെസും യൂദായുടെ സഹോദരങ്ങളാണ്. യേശു മരിച്ചപ്പോള്‍ അവിടുത്തെ കുരിശിന്റെ ചുവട്ടില്‍ യൂദായുടെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളില്‍ കാണാം.

പാലസ്തീന, എദ്ദേസാ, ലിബായ, അര്‍മീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ യൂദാ തദേവൂസ് സുവിശേഷം പ്രസംഗിച്ചു. അബ്ദിയാസിന്റെ ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിലാണ് യൂദാ തദേവൂസുമൊപ്പം ശിമയോന്‍ മരിക്കുന്ന വിവരമുള്ളത്. എ.ഡി. 66 ല്‍ ഇരുവരും ചേര്‍ന്ന് പേര്‍ഷ്യയിലേക്ക് പോയി. അവിടെ സുവിശേഷം പ്രസംഗിച്ചു.

എന്നാല്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗവും പ്രാകൃത മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. അവര്‍ ശിഷ്യന്‍മാരെ പിടികൂടി വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിച്ചു. തയാറാകാതെ വന്നതോടെ ഇരുവരെയും കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അപ്പോള്‍ ഒരു ദൂതന്‍ ശിമയോന് പ്രത്യക്ഷനായി. ജനത്തെ പൂര്‍ണമായി നശിപ്പിച്ചിട്ട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒന്നാകെ മരിച്ചിട്ട് തങ്ങള്‍ രക്ഷപ്പെടുന്നില്ലെന്ന് ശിമയോന്‍ ദൂതനോട് പറഞ്ഞു. അങ്ങനെ ഇരുവരും മരണം ഏറ്റുവാങ്ങി രക്തസാക്ഷികളായി.

ശിമയോന്‍ വാളിനിരയായെങ്കില്‍ യൂദാ  തദേവൂസിനെ കുരിശില്‍ കെട്ടിയിട്ട ശേഷം അമ്പെയ്ത് കൊല്ലുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത്. റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലും ടൌലോസിലെ വിശുദ്ധ സെര്‍നിന്റെ ദേവാലയത്തിലും ഈ വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങളുടെ ഭാഗം സൂക്ഷിച്ചിട്ടുള്ളതായാണ് വിശ്വാസം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമാക്കാരനായ സിറില്ല

2. അയോണ ആബട്ടായ ഡോര്‍ഭിന്‍

3. ബെല്‍ജിയത്തിലെ ആള്‍ബെറിക്ക്

4. ബെല്‍ജിയത്തിലെ ആന്‍ഗ്ലിനോസ്

5. അനസ്താസിയായും ഭര്‍ത്താവ് സിറിലും

6. എഫേസൂസ് ആര്‍ച്ചുബിഷപ്പായിരുന്ന അബ്രഹാം.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.