കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക്  ജാമ്യം

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായ ബിനീഷിന് ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവര്‍ഷമാകുന്ന വേളയിലാണ് ജാമ്യം.

ജാമ്യഹര്‍ജിയില്‍ ഏഴ് മാസത്തോളമാണ് ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്‍സിബി കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ 29 നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരുവര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ ഇ.ഡി. ശക്തമായി എതിര്‍ത്തിരുന്നു.

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണ് കേസിന്റെ തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇ.ഡി കേസ് റജിസ്റ്റര്‍ ചെയ്തു.

അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിസിനസ്, സിനിമ എന്നിവയില്‍നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിച്ചിരുന്നു. 14 ദിവസം ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ബിനീഷ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.