തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാതൃ സംഘടനയായ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തീരുമാനം. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, വി ഡി സതീശന്‍ തുടങ്ങിയ നേതാക്കളെല്ലാം ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.
എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിശ്വസ്തനെന്ന പരിവേഷത്തോടെ കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് 2001ല്‍ അപ്രതീക്ഷിതമായി ചെറിയാന്‍ ഫിലിപ്പ് ഇടതു പാളയത്തിലേക്ക് ചേക്കേറുന്നത്. നീണ്ട 20 വര്‍ഷക്കാലമായി ഇടതു ആശയങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ശേഷമാണ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്.
പിണറായി വിജയനുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പ് അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനങ്ങളും നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് പാളയത്തിലേക്ക് വീണ്ടും ചേക്കേറുന്നതിലേയ്ക്ക് എത്തിയത്.
സ്വതന്ത്ര രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന തന്റെ യുട്യൂബ് ചാനല്‍ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രഖ്യാപനം ഇടതുമായുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. മാത്രമല്ല ഒരിക്കലും ഒറ്റക്കണ്ണന്‍ ആവില്ലെന്നും കണ്ണടയുന്നതു വരെ രണ്ടു കണ്ണുകളും തുറന്നു പിടിച്ച് പ്രതികരിക്കുമെന്നുമുള്ള വാക്കുകള്‍ തുറന്ന പോരാട്ടത്തിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.