കോണ്‍ഗ്രസില്‍ തിരിച്ചെത്തി: പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

 കോണ്‍ഗ്രസില്‍ തിരിച്ചെത്തി: പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഒടുവില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് തട്ടകത്തില്‍ തിരിച്ചെത്തി. മുന്നണി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടത്തി. പ്രവേശനത്തിന് മുന്നോടിയായി തന്റെ രാഷ്ട്രീയ ഗുരുവായ എ കെ ആന്റണിയെ വീട്ടിലെത്തി അദ്ദേഹം കണ്ടിരുന്നു. 20 വര്‍ഷം നീണ്ട ഇടതു ബന്ധം അവസാനിപ്പിച്ചാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നത്. ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന് എ കെ ആന്റണി പറഞ്ഞു.

20 വര്‍ഷം സി പി എമ്മില്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണെന്ന് എ കെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികള്‍ക്ക് ആവേശം പകരുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയാന്‍ ഫിലിപ്പിനെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്തിരുന്നു.

രാജ്യസഭ സീറ്റ് നിഷേധിച്ചത് മുതലാണ് ചെറിയാന്‍ ഫിലിപ്പും ഇടത് മുന്നണിയും തമ്മില്‍ തെറ്റിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാതെ ഭിന്നത പരസ്യമാക്കി മെല്ലെ പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു ചെറിയാന്‍. മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് കൂടെ ചെയ്തതോടെ അനുനയനത്തിനുള്ള ശ്രമങ്ങള്‍ ഇടത് മുന്നണി ഏതാണ്ട് അവസാനിപ്പിക്കുകയും ചെയ്തു.

എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ചെറിയാന്‍ ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ മുന്‍ കൈയ്യെടുത്തത്. എന്നാല്‍ തിരിച്ചു വരുന്ന ചെറിയാന് എന്ത് പദവി നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ജയ സാധ്യത ഇല്ലാത്ത സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് 2001ലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഇടത് പാളയത്തിലെത്തുന്നത്. പലരും പാര്‍ട്ടി വിടുമ്പോള്‍ ചെറിയാന്റെ മടക്കം കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കും എന്നും തന്നെയാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.