അമേരിക്കയില്‍ കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന് അനുമതി

അമേരിക്കയില്‍ കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന് അനുമതി

വാഷിങ്ടണ്‍: കുട്ടികള്‍ക്കും ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കി അമേരിക്ക. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന് നല്‍കാനുള്ള മെഡിക്കല്‍ പാനലിന്റെ ശുപാര്‍ശ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്‌എഫ്ഡിഎ) അംഗീകരിക്കുകയായിരുന്നു.

ഇതോടെ 28 ദശലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിന് വഴിയൊരുങ്ങി. ചൊവ്വാഴ്ചയ്ക്കുശേഷം കുട്ടികള്‍ക്ക് വാക്‌സിന് വിതരണം ആരംഭിക്കുമെന്നാണ് റിപോര്‍ട്ട്. അമേരിക്ക ഈ ആഴ്ച 50 ദശലക്ഷം വാക്‌സിന്‍ വാങ്ങിയതായി ഫൈസര്‍ അറിയിച്ചിരുന്നു. അമേരിക്കയിലെ കൊച്ചുകുട്ടികള്‍ക്കായുള്ള ആദ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണിത്.

വാക്‌സിന്‍ എങ്ങനെ നല്‍കണമെന്നതിനെക്കുറിച്ച്‌ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഉപദേശത്തിനായി കാത്തിരിക്കുകയാണ്. ചൊവ്വാഴ്ച സ്വതന്ത്ര ഉപദേഷ്ടാക്കളുടെ പാനല്‍ പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഫാര്‍മസികള്‍, പീഡിയാട്രീഷ്യന്‍മാരുടെ ഓഫിസുകള്‍, വാക്‌സിന്‍ നല്‍കാവുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ശനിയാഴ്ച മുതല്‍ വാക്‌സിന്‍ ഡോസുകള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് ഫൈസര്‍ അറിയിച്ചു.

ചൈന, ക്യൂബ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ മറ്റ് ചില രാജ്യങ്ങള്‍ മാത്രമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്കുമായി ഇതുവരെ കോവിഡ് വാക്‌സിനുകള്‍ അനുവദിച്ചിട്ടുള്ളത്. കുട്ടികള്‍ക്കായുള്ള ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അണുബാധ തടയുന്നതില്‍ വളരെ ഫലപ്രദമാണെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും പരിശോധനയില്‍ യുഎസ്‌എഫ്ഡിഎ കണ്ടെത്തിയിരുന്നു.

അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ തങ്ങളുടെ വാക്‌സിന്‍ കോവിഡിനെതിരെ 90.7% ഫലപ്രാപ്തി കാണിച്ചതായി ഫൈസറും ബയോഎന്‍ടെക്കും പറഞ്ഞു. വൈറസില്‍നിന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നിരവധി രക്ഷിതാക്കള്‍ കാത്തിരിക്കുന്ന ദിവസമാണിതെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു. 12 നും 17 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് അമേരിക്ക മെയ് മാസത്തിലാണ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.