പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കാണാതായ നാലു വയസുകാരി ക്ലിയോ സ്മിത്തിനായി പ്രാര്‍ഥന. പെര്‍ത്തില്‍നിന്നു 10 മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള തീരദേശ പട്ടണമായ കാര്‍നാര്‍വോണിലെ സെന്റ് മേരീസ് സ്റ്റാര്‍ ഓഫ് ദ സീ കത്തോലിക്ക പള്ളിയിലാണ് ക്ലിയോ സ്മിത്തിന്റെ തിരിച്ചുവരവിനായി അടുത്ത കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. രണ്ടാഴ്ച്ച മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മാക്ലിയോഡിലെ ബ്‌ളോഹോള്‍സ് ക്യാമ്പ് സൈറ്റില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ കാണാതാകുയായിരുന്നു.
കത്തോലിക്ക പള്ളിയോടനുബന്ധിച്ചുള്ള പ്രൈമറി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. മാതാവിനോടുള്ള പ്രാര്‍ഥനയ്ക്കു ശേഷം ഫാ. സ്റ്റീവ് കേസിയാണ് പ്രത്യേക പ്രാര്‍ഥന നടത്തിയ്. ക്ലിയോയെ കാത്തുരക്ഷിക്കണമെന്നും സുരക്ഷിതമായി തിരികെയെത്തിക്കണമെന്നുമായിരുന്നു പ്രാര്‍ഥന. തകര്‍ന്ന ഹൃദയത്തോെടയാണ് എല്ലാവരും ഒത്തുകൂടിയിരിക്കുന്നതെന്നും കുട്ടി സുരക്ഷിതമായി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് കാസി പറഞ്ഞു.
കാര്‍നാര്‍വോണിലെ സെന്റ് മേരീസ് സ്റ്റാര്‍ ഓഫ് ദ സീ കത്തോലിക്ക പള്ളി
മാലാഖമാരെ അയച്ച് കുട്ടിയെ സുരക്ഷിതയായി തിരികെയെത്തിക്കണമെന്നായിരുന്നു പ്രാര്‍ഥനയുടെ കാതല്‍. മുതിര്‍ന്നവരും കുട്ടികളും പ്രാര്‍ഥനയില്‍ പങ്കാളികളായി. പ്രാര്‍ഥനാമധ്യേ ചിലര്‍ വിതുമ്പുന്നുണ്ടായിരുന്നു.
ഇതിനിടെ സംഭവം നടന്ന് രണ്ടാഴ്ച്ചയ്ക്കു ശേഷവും ക്ലിയോയ്ക്കായി പോലീസ് വ്യാപക അന്വേഷണത്തിലാണ്. തെരച്ചിലിനു നേതൃത്വം നല്‍കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് സൂപ്രണ്ട് റോഡ് വൈല്‍ഡ് കുടുംബാംഗങ്ങളുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി.
പെണ്‍കുട്ടിയെ അവസാനമായി കണ്ട ബ്‌ളോഹോള്‍സ് ക്യാമ്പ് സൈറ്റിലും പരിശോധന നടത്തി. ക്ലിയോയ്ക്ക് എന്താണു സംഭവിച്ചതെന്നു കണ്ടെത്തേണ്ടത് തങ്ങളുടെ ബാധ്യതയയാണെന്നും അതിനായുള്ള നെട്ടോട്ടത്തിലാണെന്നും റോഡ് വൈല്‍ഡ് പറഞ്ഞു.
ക്ലിയോ സ്മിത്ത്
കുട്ടിയുടെ അമ്മ എല്ലി സ്മിത്തിനെയും പങ്കാളി ജേക്ക് ഗ്ലിഡനെയും തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നില്ലെന്നും അന്വേഷണവുമായി അവര്‍ പൂര്‍ണമായി സഹകരിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ച്ചയായ 15-ാം ദിവസമാണ് കുട്ടിക്കായി തെരച്ചില്‍ നടത്തുന്നത്. അന്വേഷണത്തില്‍ കാര്യമായ പുരേഗതി ഉണ്ടെന്ന് റോഡ് വൈല്‍ഡ് പറഞ്ഞു.
നിലവിലെ സ്ഥിതിയില്‍ പെണ്‍കുട്ടിയെ കണ്ടെത്താമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പോലീസ് പങ്കുവച്ചു. നിലവില്‍ നൂറിലധികം പേരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ഇവരില്‍ കൂടുതലും തീരമേഖലയില്‍ പെണ്‍കുട്ടി കാണാതായ രാത്രി തമ്പടിച്ചിരുന്നവരാണ്. പുലര്‍ച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയില്‍ ഈ മേഖലയില്‍നിന്ന് അപ്രത്യക്ഷമായ കാറിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 200-ലധികം സൂചനകള്‍ ലഭിച്ചതായി റോഡ് വൈല്‍ഡ് അറിയിച്ചു. ഇതെല്ലാം വിശദമായി പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടിയെ കണ്ടെന്ന് അറിയിച്ചവരുടെ മൊഴിയാണ് വിശദമായി രേഖപ്പെടുത്തിയത്. എന്നാല്‍ ഇതുവരെ ഇവരില്‍ ആരില്‍ നിന്നും പെണ്‍കുട്ടിയിലേക്ക് എത്താന്‍ കഴിയുന്ന സൂചനകള്‍ ലഭിച്ചിട്ടില്ല. എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും റോഡ് വൈല്‍ഡ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.