ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്കൂളുകള്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാളെ തുറക്കുന്നത്. പ്രവേശനോത്സവത്തോടെ തന്നെയാണ് കുട്ടികളെ സ്വീകരിക്കുന്നത്. സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കി. ലോവര്‍ പ്രൈമറി സ്കൂളുകളില്‍ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നാളെ രാവിലെ 8.30ന് നടക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. 2400 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളില്‍. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എട്ട് , ഒൻപത് ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതല്‍ എട്ട്, ഒൻപത് ക്ലാസുകളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച്‌ കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ ഒൻപത് മുതല്‍ പത്തുവരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്കൂളില്‍ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.