ആബേലച്ചൻ എന്ന സർഗ്ഗ പ്രതിഭയുടെ വേർപാടിന് ഇരുപത് വയസ്സ്

ആബേലച്ചൻ എന്ന സർഗ്ഗ പ്രതിഭയുടെ  വേർപാടിന്  ഇരുപത് വയസ്സ്

കേരള കത്തോലിക്കാസഭക്കും മലയാള സാഹിത്യത്തിനും കേരള കലാലോകത്തിനും മികച്ച സംഭാവനകൾ നൽകിയ , ബഹുമുഖ പ്രതിഭയായ,ഫാദർ ആബേൽ പെരിയപ്പുറം സി എം ഐ എന്ന ആബേലച്ചൻ ഈ ലോകം വിട്ടു പോയിട്ട് ഒക്ടോബർ 27നു 20 വർഷം തികഞ്ഞു . ക്രിസ്തീയ ഗാനങ്ങളിലും പ്രാർത്ഥനകളിലും ആബേലച്ചന്റെ സംഭാവനകളെ മാറ്റിനിർത്തി ചിന്തിക്കാനാവില്ല.

1920 ജനുവരി 19-ന് എറണാകുളം ജില്ലയിലെ , മുവാറ്റുപുഴയിൽ മുളക്കുളത്ത് പെരിയപ്പുറത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ ആദ്യകാല നാമം മാത്യു എന്നായിരുന്നു.ആബേലച്ചന്റെ സഹോദരങ്ങളിൽ ഒരാൾ വൈദീകനും മറ്റൊരാൾ കന്യാസ്ത്രീയും . മറ്റൊരു സഹോദരനും പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പാളും ആയിരുന്ന പ്രൊഫസർ പി എം ചാക്കോയുടെ മകനാണ് കേരളത്തിൽ ആദ്യമായി ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി പ്രശസ്തനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
മാന്നാനം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്ധ്യാഭ്യാസവും മാന്നാനം, തേവര, കൂനമ്മാവ് എന്നിവടങ്ങളിലായി വൈദീക പഠനവും പൂർത്തിയാക്കി. 1951 ൽ പട്ടം സ്വീകരിച്ചു. തുടക്കത്തിൽ കുറച്ചുകാലം, കോട്ടയത്ത്, ദീപിക ദിനപ്പത്രത്തിൽ സേവനമനുഷ്ടിച്ചെങ്കിലും തുടർ പഠനത്തിനായി റോമിലേക്ക് പോവുകയും ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് റോം ൽ നിന്ന്‌ ജേർണലിസം ആൻഡ് പബ്ലിക് സയൻസി ൽഡോക്ടറേറ്റ് നേടുകയും ചെയ്‌തു.
1957-61 കാലഘട്ടത്തിൽ വീണ്ടും ദീപികയിൽ പ്രവർത്തനം ആരംഭിച്ചു. 1957 ൽ, കുട്ടികൾക്കായി ദീപിക ബാലജനസഖ്യം രൂപികരിച്ച്, ആബേലച്ചൻ കുട്ടികളുടെ 'കൊച്ചേട്ടൻ'ആയി. 1961-65 കാലഘട്ടത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളെജിൽ പ്രൊഫസറായും സേവനം ചെയ്തു.

1965 ൽ കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ അഭ്യർത്ഥന പ്രകാരം, എറണാകുളത്തേക്ക് മാറിയ അദ്ദേഹം സീറോ മലബാർ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു.
അങ്ങനെ സഭയ്ക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഇരുപത്തിമൂന്ന് പുസ്തകങ്ങളാണ് ആബേലച്ചൻ എഴുതിയത്.
1. തിരുനാൾ പാട്ടു കുർബാന
2. ആഘോഷമായ കുർബാന.
3. തിരുനാൾ റാസ.
4. മരിച്ചവരുടെ കുർബാന.
5. മരിച്ചവരുടെ റാസ.
6. തിരുനാൾ കർമ്മങ്ങൾ.
7. വിശുദ്ധവാര കർമ്മങ്ങൾ.
8. കൂദാശകൾ.
9. വെഞ്ചരിപ്പുകൾ.
10. പിറവി, വർഷാരംഭം.
11. മൃതസംസ്കാരം (മെത്രാന്മാരുടെ, വൈദികരുടെ).
12. മൃതസംസ്കാരം (സന്യാസി സന്യാസിനിമാരുടെ).
13. മൃതസംസ്കാരം (അൽമായരുടെ).
14. മരണസമയ പ്രാർത്ഥനകൾ.
15. മരിച്ചവരുടെ ഓർമ്മ.
16. കാനോന നമസ്കാരം(മൂന്നു വാല്യങ്ങൾ ).
17. സംഗീതസുവിശേഷം.
18. മതപഠനം ഗാനങ്ങളിലൂടെ.
19. സങ്കീർത്തനങ്ങൾ.
20. കുരിശിന്റെ വഴി.
21. തിരുമണിക്കൂർ ആരാധന.
22. ദേവാലയ പ്രതിഷ്ഠ.
23. സഭാ വസ്ത്ര സ്വീകരണം.

മലയാള ഭാഷക്കും മലയാള സംഗീതത്തിനും ആബേലച്ചൻ നൽകിയ സംഭാവന ചെറുതല്ല. ആന്റണി മാഷ്-ആബേലച്ചൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹവും ഹൃദയ സ്പർശിയുമായ ഗാനങ്ങൾ എത്ര തലമുറ കഴിഞ്ഞാലും മനുഷ്യഹൃദയങ്ങളിൽ പച്ചപ്പായിത്തന്നെ നിറഞ്ഞു നിൽക്കും.

മലേഷ്യയിൽ മ്യൂസിക് ടീച്ചർ ആയും , സിലോൺ റേഡിയോയിൽ എ ഗ്രേഡ് ജീവനക്കാരനായും ജോലിചെയ്തിരുന്ന ആന്റണി മാഷ് 1968 ൽ നാട്ടിൽ എത്തി; ആബേലച്ചൻ വിശ്വസ്തനായ ഒരു കൂട്ടാളിയെ അന്വേഷിച്ചു നടക്കുന്ന സമയം . അങ്ങനെയിരുന്നപ്പോഴാണ് രണ്ടുപേരുടെയും പൊതുവായ ഒരു സുഹൃത്തുവഴി ഇരുവരും പരിചയപ്പെടുന്നതു . കർണാടക സംഗീതത്തിൽ വളരെ ആഴമായ അറിവും പാണ്ഡിത്യവും ഉണ്ടായിരുന്ന ആന്റണിമാഷ് പെട്ടെന്നാണ് ആബേലച്ചന്റെ വലംകൈ ആയി മാറിയത് .1987 മാർച്ചിൽ ആന്റണി മാഷ് മരണമടയുംവരെ ആ കൂട്ടുകെട്ട് പുറപ്പെടുവിച്ചത് നിറയെ മധുരമുള്ള ഫലങ്ങൾ മാത്രം.

മുൻപ് വന്ന പലരും ഈണംപകർന്നിട്ടുപോയ പല പാട്ടുകളും ആബേലച്ചൻ ആന്റണി മാഷിനെക്കൊണ്ട് വീണ്ടും ഈണം കൊടുപ്പിച്ചു . ആബേലച്ചൻ അവയൊന്നും ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. അങ്ങനെ ആന്റണി മാഷ് വീണ്ടും സംഗീതം കൊടുത്ത കൂട്ടത്തിൽപ്പെടുന്ന ഒരു പാട്ടാണ് നമ്മുടെ ഒക്കെ പ്രിയഗാനമായ "പരിശുദ്ധാത്മാവേ നീയെഴുന്നള്ളി " എന്നുള്ള ഗാനം. അങ്ങനെ ആ കൂട്ടുകെട്ട് വളരെ വളർന്നു. അന്ന് ഗ്രാമഫോണായിരുന്നു നിലനിന്നിരുന്നത്. ഗ്രാമഫോൺ റെക്കോർഡിങ്ങ് ചെയ്തുകൊണ്ടിരുന്നതു എച്ച് എം വി എന്ന പ്രശസ്തമായ ഒരു കമ്പനി ആയിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങൾ എന്നപേരിൽ ഈ കൂട്ടുകെട്ടു വഴി ജന്മമെടുത്ത എല്ലാ ഗാനങ്ങളും ഗ്രാമഫോണിൽ റെക്കോർഡ് ചെയ്തു . ആ ഗാനങ്ങളെല്ലാം പിന്നീട് കാസറ്റിലേക്ക് മാറ്റി. 'ഈശ്വരനെ തേടി' എന്ന പേരിൽ, ആ ഗാനങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടു ഒരു ആൽബം ഇറക്കി. എച്ച് എം വി. കാസറ്റിൽ കൂടുതൽ പാട്ടുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്നുള്ളതുകൊണ്ട് , അതിൽ മറ്റേതാനും പാട്ടുകൾ കൂടി ഉൾക്കൊള്ളിച്ചു . അങ്ങനെ വന്നപ്പോൾ, ആബേലച്ചൻ- ആന്റണിമാഷ് കൂട്ടുകെട്ടിൽ ഉണ്ടായ പാട്ടുകളുടെകൂടെ , അച്ഛൻ എഴുതിയതും എന്നാൽ മാഷ് സംഗീതം കൊടുക്കാത്തതുമായ ചില പാട്ടുകൾ കൂടി ചേർക്കപ്പെട്ടു . അതിൽ ഒന്നാണ് ' ഗാഗുൽത്താ മലയിൽനിന്നും ' എന്ന് തുടങ്ങുന്ന ഗാനം . ആ ഒരു കൂട്ടുകെട്ടിൽ അറിയപ്പെടുന്ന ഒരു പാട്ടാണെങ്കിലും, യാഥാർത്ഥത്തിൽ ആ പാട്ടിനു സംഗീതം കൊടുത്തിരിക്കുന്നത് ഒ വി ആർ എന്ന് അറിയപ്പെടുന്ന, ശ്രി ഒ വി റാഫേൽ ആണ് . തിരുവനന്തപുരം രൂപതയുടെ ഔദ്യോഗിക സംഗീത സംവിധായകനാണ് അദ്ദേഹം.

എറണാകുളം ആർച്ച് ബിഷപ്പ് ഹൗസ്‌ വളപ്പിൽ, പാറേക്കാട്ടിൽ തിരുമേനി ഉപയോഗിച്ചിരുന്ന ഒരു ചെറിയ മുറിയിൽ, ആബേലച്ചൻ തുടങ്ങിയ ക്രിസ്ത്യൻ ആർട്‌സ് ക്ലബ് എന്ന ചെറിയ സംരംഭമാണ്, 1969 ൽ ‘കലാഭവൻ’ ആയത്. നൂറുകണക്കിന് ഗാനങ്ങൾ രചിച്ച ആബേലച്ചൻ, സ്വന്തമായി മുപ്പതോളം ഓഡിയോ കാസറ്റുകളും ഇറക്കിയിട്ടുണ്ട്. ഫാ ആബേൽ – കെ ജെ യേശുദാസ് – കെ കെ ആന്റണി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഈശ്വരനെ തേടി’ എന്ന ആൽബത്തിലെ ഗാനങ്ങളെല്ലാം ഇന്നും പച്ചപിടിച്ചു നിൽക്കുന്നു .

ആബേലച്ചൻ രചിച്ച ചില പ്രസിദ്ധ ഗാനങ്ങളിതാ; ചിലതു മാത്രം :

1. ഈശ്വരനെ തേടി ഞാൻ നടന്നു…
2. എഴുന്നൊളളുന്നു, രാജവെഴുന്നെള്ളുന്നൂ..
3. ദൈവമേ നിൻഗേഹമെത്ര മോഹനം
4. പരിശുദ്ധാത്മാവെ നീ എഴുന്നള്ളി….
5. ഗാഗുൽത്താ മലയിൽ നിന്നും…
6.നിത്യനായ ദൈവത്തിൻ പുത്രനാണു നീ…
7. മനുഷ്യാ നീ മണ്ണാകുന്നു…
8. താലത്തിൽ വെള്ളമെടുത്തു…
9. പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ…
10. മഹേശ്വരാ നിൻ സുദിനം കാണാൻ..
11. നട്ടുച്ചനേരത്ത്, കിണറിന്റെ തീരത്ത്‌…
12. ഭാരതം കതിരുകണ്ടൂ...
13. മോദം കലർന്നു നിന്നെ ...
14. ഓശാന.. ഈശനു സദദം.. ഓശാന
15.മരണം വരുമൊരു നാൾ ഓർക്കുക .

എത്രയോ കലാകാരന്മാരെയും കലാകാരികളെയും കൈപിടിച്ചുയർത്തുകയും അവസരങ്ങൽ കൊടുക്കുകയും അതുവഴി അവർ പ്രശസ്തരാകുകയും ചെയ്തു. മിമിക്രി എന്ന കലാരൂപത്തെ ആ നിലയിലേക്ക് ഉയർത്തിയത് മറ്റാരുമല്ല. ആ ഒരു കലയിൽക്കൂടി സിനിമയിലും മറ്റും എത്തി അതിപ്രശസ്തരായി തീർന്നവർ എത്രയോ ! അനേകം അവാർഡുകൾ കരസ്ഥമാക്കിയ ആബേലച്ചൻ , കലാഭവൻ സ്റ്റുഡിയോ എന്ന ആഗ്രഹം ബാക്കിവച്ചിട്ട് , 2001 ഒക്ടോബർ 27ന്, തൊടുപുഴയിൽ വച്ച് അന്തരിച്ചു. മൃതദേഹം കുര്യനാട് സെന്റ് ആൻസ് ദേവാലയത്തിൽ സംസ്കരിച്ചു. വെറും പാഴ്‌വസ്തു ആയ ചാണകം പോലും വൃക്ഷങ്ങൾക്കു വളം എന്ന രീതിയിൽ ഉപകാരപ്പെടുമ്പോൾ, നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്ന്, ഒരിക്കൽ കുർബാന മധ്യേ പ്രസംഗിച്ച ആബേലച്ചൻ, സ്വന്തം ജീവിതത്തിൽ അതു പ്രാവർത്തികമാക്കി കാണിച്ചു തന്നു. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ആരെങ്കിലും എല്ലാ സമയത്തും ആബേലച്ചൻ രചിച്ച പ്രാർത്ഥനകളോ ഗാനങ്ങളോ ചൊല്ലുന്നുണ്ടാവും. വെണ്ടത്ര അംഗീകാരം കിട്ടാതെപോയ ആ മഹാപ്രതിഭക്കു മുൻപിൽ പ്രണമിക്കുന്നു.

ആന്റണി മാഷിന്റെ വിദ്യാർത്ഥിയും വൈദികനുമായ ഫാ ജോസഫ് പാലക്കൽ.
   
http://www.christianmusicologicalsocietyofindia.com/  എന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്, സംഗീതത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും .




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.