സുമാത്ര: ഇന്തോനേഷ്യയിലെ മുസി നദിയില്‍ 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയ സുവര്‍ണ്ണ ദ്വീപും അതിലെ അമൂല്യ നിധി ശേഖരവും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വില മതിക്കാനാവാത്ത രത്‌നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, നാണയങ്ങള്‍ , വെങ്കല മണികള്‍, എട്ടാം നൂറ്റാണ്ടിലെ രത്നങ്ങളാല്‍ അലങ്കരിച്ച ബുദ്ധ പ്രതിമ തുടങ്ങിയവ നിധിശേഖരത്തില്‍ ഉള്‍പ്പെടുന്നു.
സുമാത്രയിലെ പാലെംബാംഗിനടുത്താണ് നദിയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തിയ മുങ്ങല്‍ വിദഗ്ധര്‍ നിധിക്കൂമ്പാരം കണ്ടെത്തിയത്.സിറാമിക് പാത്രങ്ങള്‍, സ്വര്‍ണപ്പിടിയുള്ള വാളുകള്‍, തങ്കത്തിലും പവിഴത്തിലും തീര്‍ത്ത റിങ്ങുകള്‍, ജാറുകള്‍ തുടങ്ങിയവയും ഇവിടെ നിന്നു മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തിയതായി മാരിടൈം ആര്‍ക്കിയോളജിസ്റ്റ് ഡോ. സെന്‍ കിംഗ്സ്ലി പറഞ്ഞു. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു.
ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയില്‍ ശക്തമായിരുന്ന ശ്രീവിജയ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ ദ്വീപും അതിലെ അമൂല്യ നിധി ശേഖരവവും മുങ്ങിപ്പോയെന്ന വിശ്വാസം പരമ്പരാഗതമായി ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ശ്രീവിജയ രാജ്യം സാങ്കല്‍പ്പികമല്ലെന്ന് പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെ വിവിധ പര്യവേക്ഷണങ്ങള്‍ ശ്രീവിജയ സാമ്രാജ്യം കണ്ടെത്താനായി നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
ശ്രീവിജയ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഒഴുക്കോടെ സംസാരിക്കുന്ന തത്തകളും ജ്വലിക്കുന്ന അഗ്‌നിപര്‍ങ്ങളുമുള്ള സുവര്‍ണദ്വീപ് എന്നാണ് പറയപ്പെടുന്നത്. ചൈനയിലേക്കുള്‍പ്പെടെ സൗജന്യമായി ആനക്കൊമ്പുകളും പ്രതിമകളും സുഗന്ധ വസ്തുക്കളും മുത്തുകളും പവിഴങ്ങളും കാണ്ടാമൃഗക്കൊമ്പുകളുമൊക്കെ ശ്രീവിജയ ചക്രവര്‍ത്തിമാര്‍ കൊടുത്തിരുന്നത്രേ.
ഇന്തൊനേഷ്യയിലെ കരുത്തുറ്റ രാജ്യമായിരുന്നു ശ്രീവിജയ. ചൈനയ്ക്കും അറബ് മേഖലകള്‍ക്കും ഇടയിലുള്ള ചരക്ക് കൈമാറ്റത്തിനുള്ള സുപ്രധാന പാതയായ സില്‍ക്ക് പാതയുടെ നിയന്ത്രണം ശ്രീവിജയ രാജ്യത്തിനായിരുന്നു. ഈ രാജ്യത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു ദേവതയായ രാഹുവിന്റെ തലയുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി പുരാവസ്തുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തി. മഹായാന ബുദ്ധിസത്തിന്റെ ശക്തമായ കേന്ദ്രം കൂടിയായിരുന്നു ശ്രീവിജയ. ഇന്ദ്രവര്‍മന്‍, രുദ്രവിക്രമന്‍, ബലപുത്രദേവ തുടങ്ങിയ പ്രശസ്തരായ രാജാക്കന്‍മാര്‍ വിവിധ കാലങ്ങളില്‍ സാമ്രാജ്യം ഭരിച്ചു.
എട്ടാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ ലോകം ഒരു ഇരുണ്ട ഘട്ടത്തിലേക്ക് പ്രവേശിച്ചു. പില്‍ക്കാലത്ത് വിവിധ യുദ്ധങ്ങളില്‍ രാജ്യത്തിന്റെ പ്രഭാവം മങ്ങി.അവസാന ശ്രീവിജയന്‍ രാജാവായ പരമേശ്വര 1390ല്‍ വീണ്ടും സാമ്രാജ്യത്തെ ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും അടുത്തുള്ള ജാവാ സാമ്രാജ്യം ഇദ്ദേഹത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന് ശ്രീവിജയ സാമ്രാജ്യം വിസ്മൃതിയില്‍ മറയുകയും മേഖല ചൈനീസ് കടല്‍ക്കൊള്ളക്കാരുടെ താവളമായി മാറുകയും ചെയ്തു. പില്‍ക്കാലത്ത് ശ്രീവിജയ സാമ്രാജ്യം തികച്ചും വിസ്മൃതിയിലായി. ഇതു സംബന്ധിക്കുന്ന പുരാവസ്തുപരമായ തെളിവുകളൊന്നും കാര്യമായി കണ്ടെത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.