വാക്സിന്‍ എടുക്കാത്ത 800 ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് എയര്‍ കാനഡ

വാക്സിന്‍ എടുക്കാത്ത 800 ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് എയര്‍ കാനഡ

കാനഡ: കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് എയര്‍ കാനഡ. കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് എയര്‍ കാനഡ. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ച് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റസോ പറഞ്ഞു. ഞങ്ങളുടെ ജീവനക്കാര്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അവരുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചിരിക്കുകയാണ്. എയര്‍ കാനഡയിലെ 96 ശതമാനത്തിലധികം പേരും പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചു. ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്ത ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

വാക്സിന്‍ എടുത്തതിന് ശേഷം മാത്രമേ ഇവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. അലര്‍ജി പോലുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്തവര്‍ കമ്പനിയെ കൃത്യമായി കാരണം ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എയര്‍, റെയില്‍, ഷിപ്പിംഗ് കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. വ്യോമമേഖലയിലാണ് നിയമം കര്‍ശനമാക്കിയത്. എയര്‍പോര്‍ട്ടുകളിലെ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാര്‍ വാക്സിനേഷന്‍ സ്വീകരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു.

കാനഡയില്‍ ഇതുവരെ 1,720,355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 29,056 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,283 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 58,756,154 ഡോസ് വാക്സിന്‍ രാജ്യത്തൊട്ടാകെ വിതരണം ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ 78 ശതമാനവും വാക്സിനേഷന്‍ സ്വീകരിച്ചതായാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.