'ഹാലോവീന്‍ കാന്‍ഡിയിലെ സൂചി ' ഭാവനാ സൃഷ്ടി ; ന്യൂയോര്‍ക്കില്‍ 14 കാരന്‍ കുറ്റം ഏറ്റു പറഞ്ഞു

'ഹാലോവീന്‍ കാന്‍ഡിയിലെ സൂചി ' ഭാവനാ സൃഷ്ടി ; ന്യൂയോര്‍ക്കില്‍ 14 കാരന്‍ കുറ്റം ഏറ്റു പറഞ്ഞു

ന്യൂയോര്‍ക്ക്: ഹാലോവീന്‍ ദിനാഘോഷ വേളയില്‍ വിതരണം ചെയ്യപ്പെട്ട പരമ്പരാഗത മിഠായിത്തുണ്ടുകളില്‍ തയ്യല്‍ സൂചി കണ്ടെത്തിയെന്നു കള്ളം പറഞ്ഞ കുറ്റത്തിന് ന്യൂയോര്‍ക്കിലെ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 'ടിക് ടോക്ക്' സാമൂഹിക മാധ്യമത്തിലെ തട്ടിപ്പു ഷോ കണ്ടതിന് ശേഷം ഉണ്ടായ ആശയമായിരുന്നു ഹാലോവീന്‍ കാന്‍ഡിയിലെ സൂചി കണ്ടെത്തലെന്ന് ഈ 14 കാരന്‍ സമ്മതിച്ചു.

ഹാലോവീന്‍ ആഘോഷത്തിനിടെ ഷെര്‍വുഡ് പാര്‍ക്ക് പരിസരത്ത് ട്രിക്ക്-ഓര്‍-ട്രീറ്റ് ചെയ്യുമ്പോള്‍ ലഭിച്ച കാന്‍ഡി ബാറില്‍ കടിച്ചപ്പോഴാണ് താന്‍ 'ഭയാനകമായ കണ്ടെത്തല്‍' നടത്തിയതെന്നായിരുന്നു ഈ വിരുതന്‍ ആദ്യം പറഞ്ഞ കഥ. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ ഈസ്റ്റ് ഗ്രീന്‍ബുഷ് പോലീസ് ജാഗരൂകമായി. കാന്‍ഡികള്‍ സൂക്ഷ്മമായി പരിശോധിക്കാതെ അകത്താക്കരുതെന്ന് ഫേസ്ബുക്ക് പേജില്‍ പോലീസ് കുറിച്ചു. ഇതിനിടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിത്തട്ടിപ്പ് വെളിയില്‍ വന്നത്. നിയമാനുസൃതം കുറ്റം ചുമത്തി പയ്യനെ പ്രൊബേഷനില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.

അതേസമയം, ഹാലോവീന്‍ മിഠായിയില്‍ തുന്നല്‍ സൂചി കണ്ടതായുള്ള മറ്റൊരു സംഭവം ഒഹായോയിലെ ഫോസ്റ്റോറിയയിലും മാതാപിതാക്കളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഒരു കിറ്റ് ക്യാറ്റ് ഉള്‍പ്പെടെ രണ്ട് മിഠായി കഷണങ്ങള്‍ ആണ് സൂചി അടങ്ങിയ നിലയില്‍ കണ്ടത്. വളരെ ഗൗരവമായി പരിഗണിച്ച് നടപടികള്‍ എടുത്തുവരുന്നതായി പോലീസ് ചീഫ് കീത്ത് ലോറെനോ പറയുകയും ചെയ്തു. ഫോട്ടോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കില്‍ ജാഗ്രതാ നിര്‍ദ്ദേശം പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ, ഹാലോവീന്‍ കാന്‍ഡികള്‍ പൊതു ജനങ്ങള്‍ക്ക് എക്‌സ്-റേ ചെയ്തു കൊടുക്കാന്‍ പ്രോമെഡിക്ക ഫോസ്റ്റോറിയ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ തയ്യാറാവുകയും ചെയ്തു.

ഹാലോവീന്‍ ആഘോഷിക്കുന്ന അമേരിക്കക്കാരുടെ മഹത്തായ പാരമ്പര്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് യു.എസില്‍ കിറ്റ് ക്യാറ്റ്സ് നിര്‍മ്മിക്കുന്ന ഹെര്‍ഷി കമ്പനിയുടെ വക്താവ് ജെഫ് ബെക്ക്മാന്‍ ന്യൂസ് വീക്കിന് നല്‍കിയ പ്രസ്താവനയില്‍ പരിതപിച്ചു.' വേദനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ ആരെങ്കിലും മിഠായിയില്‍ കൃത്രിമം കാണിച്ച് കുട്ടികളെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്,'-അദ്ദേഹം എഴുതി. കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന മിഠായി മുന്‍കൂട്ടി പരിശോധിക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കള്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

്അതേസമയം, ഹാലോവീന്‍ കാന്‍ഡിയിലെ സൂചി കണ്ടെത്തല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. കുട്ടികള്‍ തമാശയക്ക് ഒപ്പിച്ച സംഭവമാണെന്ന നേരിയ സംശയം പോലുമില്ലാതിരുന്നതിനാല്‍ അതീവ ഗൗരവത്തിലുള്ള അഭിപ്രായങ്ങളാണ് എല്ലാവരും തന്നെ രേഖപ്പെടുത്തിയത്. പരേതാത്മാക്കളുടെ ഓര്‍മ്മ പരമ്പരാഗതമായി പുതുക്കിവന്ന വേളയിലെ  ആചാരങ്ങളെ വാണിജ്യ താല്‍പ്പര്യത്തോടെയുള്ള ഹാലോവീന്‍ ആഘോഷത്തമിര്‍പ്പാക്കി മാറ്റിയതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഹാലോവീന്‍ കാന്‍ഡി അമിതമായി കഴിച്ച് കലോറിപ്പെരുപ്പവുമായി കുട്ടികള്‍ കുഴയുന്നതിലുള്ള ആശങ്കയും പലരും പങ്കുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.