വിശുദ്ധ ചാള്‍സ് ബൊറോമിയോ: ധനികനായി പിറന്ന് ദരിദ്രനായി മരിച്ച സഭാ പിതാവ്

വിശുദ്ധ ചാള്‍സ് ബൊറോമിയോ: ധനികനായി പിറന്ന് ദരിദ്രനായി മരിച്ച സഭാ പിതാവ്

അനുദിന വിശുദ്ധര്‍ - നവംബര്‍ 04

റ്റലിയില്‍ മിലാനിലെ പ്രസിദ്ധമായ ബൊറോമിയോ കുടുംബത്തില്‍ 1538 ഒക്ടോബര്‍ രണ്ടിന് ചാള്‍സ് ജനിച്ചു. ധനിക കുടുംബത്തില്‍ ജനിച്ച ചാള്‍സ് ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്.

പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായിക പ്രകടനങ്ങളും സംഗീതവും കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കര്‍ദ്ദിനാള്‍ ദെമേദീച്ചി ചാള്‍സിന്റെ ഇരുപത്തൊന്നാം വയസില്‍ 1559 ല്‍ നാലാം പീയൂസ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റു.

അദ്ദേഹം ചാള്‍സിനെ ഒരു ഡീക്കനായി നിയമിക്കുകയും നിരവധി ഭരണ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒപ്പം തന്റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ചാള്‍സിനെ ബൊളോണ, സ്വിറ്റ്‌സര്‍ലന്‍ഡിലെ കാന്റോണ്‍സ് എന്നീ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്റെ തലവന്‍ ആകുമെന്നായിരുന്നു.

പക്ഷെ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി ജീവിതം തുടര്‍ന്നു. ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില്‍ അധികം താമസിയാതെ തന്നെ അദ്ദേഹം മെത്രാനായി നിയമിതനായി. ഒരു സമ്പന്നനായാണ് ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ചാള്‍സ് കഷ്ടതയിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്.

1570 ല്‍ ഉണ്ടായ വലിയ ക്ഷാമത്തില്‍ അദ്ദേഹത്തിന് 3000 ത്തോളം ആളുകള്‍ക്കായി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടി വന്നു. ആറ് വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന പ്ലേഗ് എന്ന മഹാമാരിയില്‍ തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ഏതാണ്ട് 70000 ത്തോളം വരുന്ന ആളുകള്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും മത പ്രവര്‍ത്തകരെയും അല്‍മായരായരേയും അദ്ദേഹം നിയോഗിച്ചു.

മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചു. ഇങ്ങനെ പാവങ്ങളെയും രോഗികളെയും ശുശ്രുഷിച്ചും സഹായിച്ചും ഇക്കാലയളവില്‍ അദ്ദേഹം വന്‍ കടബാധ്യതയിലായി. ഇതിനിടെ സഭാധികാരികളുടെ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നു ചിന്തയാല്‍ നീരസം പൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു.

പക്ഷെ, ആ വെടിയുണ്ടയ്ക്ക് അദ്ദേഹത്തിന്റെ മേല്‍ വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ. സ്‌നേഹവും സ്വയം ത്യജിക്കുവാനുള്ള സന്നദ്ധതയും വഴി ബൊറോമിയോ തന്റെ സഭാ വിശ്വാസികള്‍ക്ക് ഒരു നവോത്ഥാനം നല്‍കി. ഒരിക്കല്‍ അദ്ദേഹം ബില്ല്യാര്‍ഡ്‌സ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ചോദിച്ചു ''ഇനി തനിക്ക് 15 മിനിറ്റ് കൂടിയെ ജീവിതമുള്ളുവെങ്കില്‍ താന്‍ എന്തു ചെയ്യും.'' ''ബില്ല്യാര്‍ഡ്‌സ് കളിക്കുന്നത് തുടരും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാവങ്ങളോടുമുള്ള ചാള്‍സിന്റെ സ്‌നേഹം വളരെ വലുതായിരുന്നു. തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു. പിന്നീട് വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്. കരുണാമയനായ ഒരു പിതാവിനെ പോലെ അദ്ദേഹം രോഗികളെയും പാവങ്ങളെയും സന്ദര്‍ശിക്കുകയും അവരെ ആശ്വസിക്കുകയും ചെയ്തു. തന്റെ കൈകളാല്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കി. ഒരു ശരിയായ മധ്യസ്ഥന്‍ എന്ന നിലയില്‍ രാത്രിയും പകലുമില്ലാതെ അദ്ദേഹം സ്വര്‍ഗീയ സിംഹാസനത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു.

തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്‌നപാദനായി ചോരയൊലിപ്പിച്ച്്, തോളില്‍ ഒരു മരക്കുരിശും ചുമന്ന് ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1584 ല്‍ തന്റെ 46 മത്തെ വയസില്‍ അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്ലാരൂസ്

2. ഹങ്കറിയിലെ എമെറിക്

3. ബര്‍ട്ട് ഷെയ്ഡിലെ ഗ്രിഗറി

4. ബെസോഞ്ചെസിലെ ജെറാര്‍ഡ്

5. ബീഥിനിയായിലെ ജെവാന്നിയൂസ്

6. വിഞ്ചെസ്റ്റര്‍ ബിഷപ്പായിരുന്ന ബിണ്‍സ്റ്റാന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.