സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു: എട്ടാം ക്ലാസുകാര്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകളില്‍ എത്തണം

സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു: എട്ടാം ക്ലാസുകാര്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകളില്‍ എത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ എത്തണം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്‌കൂളുകളില്‍ പോയാല്‍ മതിയെന്നായിരുന്നു തീരുമാനം.

അധ്യായനം ആരംഭിച്ചശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. വിദ്യാര്‍ഥികളുടെ പഠന നേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം മാനവ വിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.

ഒന്ന് മുതല്‍ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിച്ചത്. ഈ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ പത്തൊന്‍പത് മാസത്തിനുശേഷമായിരിക്കും എട്ടാം ക്ലാസുകാര്‍ വീണ്ടും സ്‌കൂളുകളില്‍ എത്തുക. അതേസമയം ഒന്‍പതാം ക്ലാസ്, പ്ലസ്വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.