കോട്ടയം: ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉള്‍പ്പെടുന്നത്.
കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇളംകാട് മേഖലയില്‍ ഉരുള്‍ പൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പന്‍മല എന്നീ പ്രദേശങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
ഇളംകാട്ടെ ഉരുള്‍ പൊട്ടലില്‍ കുടുങ്ങിയ എല്ലാവരേയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ക്യാമ്പില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന ഇരുപതോളം കുടുംബങ്ങളാണ് ഉരുള്‍ പൊട്ടലില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് എന്‍ഡിആര്‍എഫ് സംഘം കൂടി ഇളംകാട് എത്തി. അതേസമയം ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഗവര്‍ണറുടെ കോട്ടയം സന്ദര്‍ശനം അനിശ്ചിതത്വത്തിലായി. കോട്ടയത്തെ ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ഗവര്‍ണര്‍ നാളെ സന്ദര്‍ശനം നടത്താനിരിക്കുകയായിരുന്നു.
മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏന്തയാര്‍, ഇളംകാട് മേഖലയില്‍ ശക്തമായ മഴ പെയ്യുകയാണ്. ഉരുള്‍പ്പൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജല നിരപ്പുയര്‍ന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സ്, പൊലീസ്, ജനപ്രതിനിധി എന്നിവരുടെ സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കല്‍ പഞ്ചായത്തിലായിരുന്നു ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഇത്തവണ ആള്‍പ്പാര്‍പ്പുള്ള സ്ഥലത്തല്ല ഉരുള്‍ പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.