സെറ്റില്‍മെന്റ് രജിസ്റ്റര്‍, ബേസിക് ടാക്സ് രജിസ്റ്റര്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ ഇടപാടില്‍ സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയെന്ന് അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പണ്ടാരവക പാട്ടം ഗണത്തില്‍ വരുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതിയില്‍ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അസിസ്റ്റന്റ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
അതിരൂപതയുടെ വാഴക്കാല വില്ലേജിലുള്ള 99.5 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് 2007 സെപ്റ്റംബര്‍ 21 ന് തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സെറ്റില്‍മെന്റ് ഡീഡില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് സംശയിക്കാന്‍ മതിയായ കാരണമുണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 12 ലെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അസിസ്റ്റന്റ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ബീന പി. ആനന്ദ് ഉള്‍പ്പെടെ ഏഴംഗ സംഘം സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ സഹിതം പരിശോധിച്ചൂ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് സീനിയര്‍ ഗവ. പ്ലീഡര്‍ കെ.ഡെന്നി ദേവസി ഹൈക്കോടതിയില്‍ നല്‍കിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് പരിശോധിച്ചതിന് നിര്‍ദേശിച്ചതെന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വസ്തുതകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ലാന്‍ഡ് കണ്‍സര്‍വന്‍സ് ആക്ടിലെ( ഭൂ സംരക്ഷണ നിയമം) സെക്ഷന്‍ 15 ല്‍ പറയുന്ന തരത്തിലുള്ള പുറമ്പോക്ക് ഭൂമിയല്ല ഇതെന്ന് വ്യക്തമാണെന്നും സര്‍ക്കാരിനു അവകാശമുള്ള തരത്തിലുള്ള ഭൂമിയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ഭൂമി ക്രയ വിക്രയം നടത്തുന്നതിനു തടസമില്ലെന്നും അന്വേഷണ സംഘം പരിശോധ നടത്തിയ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചുവെന്ന് സെറ്റില്‍മെന്റ് ഡീഡില്‍ പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട സെറ്റില്‍മെന്റ് ഡീഡ് നമ്പര്‍ 495007ലെ പ്രമാണത്തിന്റെ മൂന്നാം പേജില്‍ ( തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസ് ബുക്ക് നമ്പര്‍ 1 വോളിയം 653) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു സംബന്ധിച്ച സെറ്റില്‍മെന്റ് രജിസ്ട്രറും പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഭൂമി പണ്ടാരവക പാട്ടം ഗണത്തില്‍ വരുന്നതാണെന്നും പുറമ്പോക്കല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാത്രമല്ല, സെറ്റില്‍മെന്റ് ഡീഡ് നമ്പര്‍ 495007 സംബന്ധിച്ച് പരിശോധന നടത്തിയെന്നും ഇതില്‍ അപാകതയോ ഉടമസ്ഥത സംബന്ധിച്ച അവ്യക്തതയോ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 40.27 ആര്‍ (99.5 സെന്റ്) എറണാകുളം വാഴക്കാല വില്ലേജിലെ ബ്ലോക്ക് 8 റി സര്‍വേ നമ്പര്‍ 509-4 8 ലെ വില്‍പനയുമായി ബന്ധപ്പെട്ട രേഖകളില്‍ യാതൊരു തരത്തിലുള്ള നിയമവിരുദ്ധതയോ, ക്രമക്കേടോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2021 ഓഗസ്റ്റ് 12 ന് ബന്ധപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് രേഖകളും മറ്റു വസ്തുതകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും 2007 സെപ്തംബര്‍ 21 നു തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സെറ്റില്‍മെന്റ് ഡീഡില്‍ ഒരു തരത്തിലുള്ള ക്രമക്കേടുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിച്ച രേഖകളുടെ പകര്‍പ്പുകളും റിപ്പോര്‍ട്ടിനൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബീന.പി. ആനന്ദ് (അസി. ലാന്‍ഡ് റവന്യു കമ്മിഷണര്‍), എബി ജോര്‍ജ്് (ഡിസ്ട്രിക് രജിസ്ട്രാര്‍ ജനറല്‍ എറണാകുളം), വിനോദ് പിള്ള (അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്), എസ് ജയകുമാരന്‍ (സൂപ്രണ്ട്, റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്), ജി ബാലചന്ദ്രന്‍ പിള്ള(റവന്യൂ ഇന്‍സ്പെക്ടര്‍), എം. ഷിബു (റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്), വിഎം മനോജ് (റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്) എന്നിവരാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്.
സെറ്റില്‍മെന്റ് രജിസ്റ്റര്‍, ബേസിക് ടാക്സ് രജിസ്റ്റര്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ചതില്‍ ഈ ഇടപാടില്‍ സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ കാക്കനാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നല്‍കിയ നിര്‍ദ്ദേശത്തിനെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി ഉത്തരവ് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.