ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ഇസ്ലാം മതമൗലികവാദികള്‍ അടിച്ചു തകര്‍ത്ത നൂറ്റാണ്ടു പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിന് ശേഷം വീണ്ടും ഭക്തര്‍ക്കായി തുറന്ന് കൊടുത്തു.മതമൈത്രിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പുനര്‍നിര്‍മ്മാണ ഉത്തരവിട്ട പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് നേരിട്ടു വന്ന് ക്ഷേത്രം തുറന്ന് കൊടുക്കുകയായിരുന്നു.
ക്ഷേത്രത്തിലെത്തിയ ചീഫ് ജസ്റ്റിസിന് ഡിജിറ്റല്‍ ഖുറാനും തലപ്പാവുമാണ് പ്രദേശത്തെ ഹിന്ദു സമൂഹം സമ്മാനമായി നല്‍കിയത്. ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലുള്ള കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള ശ്രീ പരം ഹംസ്ജി മഹാരാജ് ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് മതമൗലികവാദികള്‍ തീയിടുകയും അടിച്ച് നശിപ്പിക്കുകയും ചെയ്തത്. 1920 ല്‍ സ്ഥാപിതമായ ക്ഷേത്രമാണിത്. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം എന്ന സംഘടനയിലെ പുരോഹി പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ക്ഷേത്രം എത്രയും വേഗം പുനര്‍നിര്‍മ്മിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉത്തരവിട്ടത്.സംഭവം ആഗോളതലത്തില്‍ തന്നെ പാകിസ്താന് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് ഗുല്‍സാര്‍ അഹമ്മദ് അന്ന് പറഞ്ഞു. അക്രമികളില്‍ നിന്ന് തന്നെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള പണം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്താന്‍ സുപ്രീം കോടതി എപ്പോഴും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരുമെന്നും ക്ഷേത്രം തുറന്ന് കൊടുത്ത ചടങ്ങില്‍ ഗുല്‍സാര്‍ അഹമ്മദ് പറഞ്ഞു. മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നവരെ ആക്രമിക്കാനോ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ച ദീപാവലി ആഘോഷങ്ങളിലും ചീഫ് ജസ്റ്റിസ് പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.