കാപ്പിറ്റോള്‍ കലാപത്തിലെ പ്രതിക്ക് ബെലാറസില്‍ അഭയം; യു.എസിനു നീരസമുണ്ടാക്കുന്ന നീക്കമെന്നു നിരീക്ഷകര്‍

 കാപ്പിറ്റോള്‍ കലാപത്തിലെ പ്രതിക്ക് ബെലാറസില്‍ അഭയം; യു.എസിനു നീരസമുണ്ടാക്കുന്ന നീക്കമെന്നു നിരീക്ഷകര്‍

കീവ്: യു.എസ് കാപ്പിറ്റോള്‍ കലാപത്തില്‍ പങ്കെടുത്തതിന് ക്രിമിനല്‍ കുറ്റം നേരിടുന്ന അമേരിക്കക്കാരന്‍ ബെലാറസില്‍ അഭയം തേടുകയാണെന്ന് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട്. അമേരിക്കയും മുന്‍ സോവിയറ്റ് രാജ്യവും തമ്മിലുള്ള സംഘര്‍ഷം തീവ്രമാകാനിടയാക്കാവുന്ന സംഭവമാണിതെന്ന്് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ജനുവരി ആറിന് താന്‍ കാപ്പിറ്റോളിലുണ്ടായിരുന്നതായി ബെലാറസ് വണ്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള 48 കാരനായ ഇവാന്‍ ന്യൂമാന്‍ അറിയിച്ചു. എന്നാല്‍ പൊലീസിനെ ആക്രമിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍, മറ്റു കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ആറിന് ട്രംപ് അനുകൂല ജനക്കൂട്ടം കാപ്പിറ്റോള്‍ കെട്ടിടം ആക്രമിക്കുകയും ജോ ബൈഡന്റെ ഇലക്ടറല്‍ കോളജ് വിജയത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കേഷന്‍ വൈകിപ്പിക്കുകയും ചെയ്തിരുന്നു.സംഭവങ്ങളില്‍ കുറ്റം ചുമത്തപ്പെട്ട 650 ലേറെ ആളുകളില്‍ ഒരാളാണ് ന്യൂമാന്‍.എഫ് ബി ഐയുടെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍' തന്റെ ഫോട്ടോ ചേര്‍ത്തതിനുശേഷം ബിസിനസ് യാത്രയെന്ന വ്യാജേന താന്‍ രാജ്യം വിട്ടതെന്നാണ് ന്യുമാന്‍ ബെലാറസ് വണ്ണിനോട് പറഞ്ഞത്. ഹാന്‍ഡ് ബാഗ് നിര്‍മാണ ബിസിനസ് ഉടമയായ ന്യൂമാന്‍ മാര്‍ച്ചില്‍ ഇറ്റലിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് സ്വിറ്റ്സര്‍ലാന്റ്, ജര്‍മ്മനി, പോളണ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉക്രൈനിലെത്തിയത്.

ട്രംപ് അനുകൂല കലാപകാരിയുടെ കൂട്ടം പൊലീസിനെതിരെ തിരിഞ്ഞപ്പോള്‍ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍' എന്ന തൊപ്പി ധരിച്ച് പൊലീസ് ബാരിക്കേഡിന് മുമ്പില്‍ ന്യുമാന്‍ നിന്നതായി യു എസ് കോടതി രേഖകളില്‍ പറയുന്നു. പൊലീസിനെ പരിഹസിക്കുകയും ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പുറമേ, ജനക്കൂട്ടം പൊലീസുകാരെ കീഴടക്കുമെന്നും ന്യൂമാന്‍ പറഞ്ഞതായി രേഖകളിലുണ്ട്. 'ഞാന്‍ മരിക്കാന്‍ തയ്യാറാണ്; നിങ്ങളോ ?'എന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ഉദ്ധരിക്കുന്നു.

പൊലീസിന്റെ ബോഡി ക്യാമറ ഫൂട്ടേജില്‍ ന്യൂമാനും മറ്റുള്ളവരും ചേര്‍ന്ന് മെറ്റല്‍ ബാരിക്കേഡ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തള്ളിയിടാന്‍ ശ്രമിക്കുകയും രണ്ടു ഉദ്യോഗസ്ഥരെ മുഷ്ടികൊണ്ട് ഇടിക്കുകയും ചെയ്തതായി കോടതിയുടെ രേഖകളിലുണ്ട്. തങ്ങള്‍ കുടുംബ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് ആരോ ന്യൂമാന്റെ പേരും സ്ഥലവും അറിയിച്ച് എഫ് ബി ഐ ടിപ്പില്‍ വിളിച്ചതിന് ശേഷമാണ് അദ്ദേഹത്തെ അന്വേഷകര്‍ തിരിച്ചറിഞ്ഞത്. യു എസ് ഫെഡറല്‍ കോടതിയില്‍ നല്കിയ ക്രിമിനല്‍ പരാതിയില്‍ ന്യുമാനെതിരെ കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

താന്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി കരുതുന്നില്ലെന്ന് പറഞ്ഞ ന്യൂമാന്‍ താനൊരു പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയെന്ന തരത്തിലുള്ള നിന്ദ്യമായ ആരോപണങ്ങളാണ് നിലവിലുള്ളതെന്നും പരിതപിച്ചു. ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ തന്റെ കടകള്‍ കത്തിച്ചെന്നും നീതി തേടവേ പൊലീസ് അസൗകര്യമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചെന്നും അദ്ദേഹം പറയുന്നു. ന്യുമാന്‍ ഇംഗ്ലീഷിലാണ് ചാനലുമായി സംസാരിക്കുന്നതെങ്കിലും റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഉക്രൈന്‍ സുരക്ഷാ സേനയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അയല്‍രാജ്യമായ ബെലാറസിലേക്ക് അനധികൃതമായി കടക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പീഡനമാണ് തനിക്കെതിരെ നടത്തുന്നതെന്നും ന്യുമാന്‍ ടി വി ചാനലിനോടു പറഞ്ഞു. ഓഗസ്റ്റ് മധ്യത്തോടെ ബെലാറസിലേക്ക് കടക്കാന്‍ ശ്രമിച്ച ന്യൂുമാനെ ബെലാറസ് അതിര്‍ത്തി സേന തടഞ്ഞുവെക്കുകയും അഭയം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അനുവദിക്കുകയുമായിരുന്നു.യു. എസുമായി ബെലാറസിന് കൈമാറല്‍ ഉടമ്പടിയില്ല. ബെലാറസിലെ യു.എസ് എംബസി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.