'കാടിന്റെ എന്‍സൈക്ലോപീഡിയ'; നഗ്നപാദയായി പത്മ പുരസ്‌കാരം ഏറ്റുവാങ്ങി തുളസി ഗൗഡ

'കാടിന്റെ എന്‍സൈക്ലോപീഡിയ'; നഗ്നപാദയായി പത്മ പുരസ്‌കാരം ഏറ്റുവാങ്ങി തുളസി ഗൗഡ

ന്യൂഡല്‍ഹി: പ്രകൃതി തനിക്കായി നട്ടുവളര്‍ത്തിയ തണല്‍വൃക്ഷം. തുളസി ഗൗഡ എന്ന 72 വയസുകാരിയെ ഇങ്ങനെ വിശേഷിപ്പിക്കാം. കാടിനെ ഇത്രമേല്‍ ആഴത്തിലറിഞ്ഞ വ്യക്തിത്വങ്ങള്‍ ഏറെയൊന്നും ഇക്കാലത്ത് ഉണ്ടാവില്ല. അത്രമേല്‍ പ്രകൃതിയുമായി ഇഴകിചേര്‍ന്നാണ് ഈ മുത്തശ്ശി ജീവിക്കുന്നത്. പ്രകൃതിക്കു വേണ്ടി പ്രായം പോലും വകവയ്ക്കാതെ നടത്തിയ പോരാട്ടത്തിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ തുളസി ഗൗഡയുടെ വേദിയിലെ സാന്നിധ്യം പോലും പ്രകൃതി സ്‌നേഹികളുടെ മനം കുളിര്‍പ്പിക്കുന്നതായിരുന്നു.

പുരസ്‌കാരദാന ചടങ്ങില്‍ നഗ്നപാദയായി, പരമ്പരാഗത വസ്ത്രമണിഞ്ഞ് എത്തിയ തുളസി ഗൗഡയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിവാദ്യം ചെയ്യുന്ന ആ മുത്തശ്ശിയെ തിരിച്ചും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ആറു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് തുളസി ഗൗഡയുടേത്.

ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഏറ്റുവാങ്ങിയ തുളസി കര്‍ണാടക സ്വദേശിയാണ്.


ആദിവാസി വിഭാഗത്തില്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകയായ തുളസി ഗൗഡയെ 'കാടിന്റെ സര്‍വ്വവിജ്ഞാനകോശം' എന്നു വിശേഷിപ്പിക്കാം. കാരണം കാടിനെക്കുറിച്ചും മരങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും അത്രയധികം അറിവുകള്‍ 72 കാരിയായ തുളസി ഗൗഡയ്ക്കുണ്ട്. വനസംരക്ഷണത്തിനും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണിവര്‍.

കര്‍ണാടകയിലെ ഹലക്കി ഗോത്ര വിഭാഗത്തില്‍പെട്ട തുളസി ഒരു ദരിദ്ര കുടുംബത്തിലാണ് വളര്‍ന്നത്. ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇവര്‍ക്ക് അവരുടെ വനപ്രദേശത്തെ വൃക്ഷങ്ങള്‍, സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയെക്കുറിച്ച് വിപുലമായ അറിവാണുള്ളത്. 'കാടിന്റെ സര്‍വവിജ്ഞാന കോശം' എന്നറിയപ്പെടുന്ന തുളസി ഗൗഡയ്ക്ക് അര്‍ഹിച്ച അംഗീകാരമായാണ് പത്മശ്രീ പുരസ്‌കാരം തേടിയെത്തിയത്.

ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. പത്ത് വയസുമുതല്‍ തുളസി പലതരത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം വയസില്‍ അമ്മയ്ക്കൊപ്പം ഒരു നഴ്സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം തിരച്ചറിഞ്ഞത്. മുതിര്‍ന്നപ്പോള്‍ വനംവകുപ്പില്‍ താത്കാലിക സന്നദ്ധപ്രവര്‍ത്തകയായി സേവനം അനുഷ്ഠിച്ചു. അന്ന് അവരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും അറിവും വന സംരക്ഷണത്തോടുള്ള താത്പര്യവും അംഗീകരിച്ച് അധികൃതര്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിര ജോലിയും വാഗ്ദാനം ചെയ്തു.

തന്റെ ജീവിതക്കാലത്തിനിടയില്‍ തുളസി പതിനായിരക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിച്ചിട്ടുണ്ട്. ഈ 72-ാം വയസിലും തുളസി ഗൗഡ വിശ്രമ ജീവിതം നയിക്കുകയല്ല. സസ്യങ്ങളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി യുവതലമുറയുമായി തന്റെ വിപുലമായ അറിവ് പങ്കിടുകയും ചെയ്യുന്നുണ്ട്. 14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ചു. പെന്‍ഷന്‍ തുകയാണ് ഉപജീവനത്തിനുള്ള ആശ്രയം.

തുളസി ഗൗഡയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ചിത്രം സഹിതം പങ്കുവച്ചിരുന്നു. 2020ലെ പത്മ പുരസ്‌കാരങ്ങളായിരുന്നു കഴിഞ്ഞദിവസം രാഷ്ട്രപതി സമ്മാനിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് ലോകത്തിന് തന്നെ മാതൃകയാകുകയാണ് ഈ മുത്തശ്ശി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.