അമേരിക്കയിൽ വേനലിന് തൽക്കാലത്തേക്ക് വിട. ശിശിരം രംഗപ്രവേശം ചെയ്തു ;അധികം വൈകാതെ കൊടും തണുപ്പും മഞ്ഞും പേറിക്കൊണ്ട് ശൈത്യവും എത്തും. പച്ച ഇലകൾനിറഞ്ഞ് നിന്നിരുന്ന വൃക്ഷങ്ങൾ ഇലകൊഴിഞ്ഞ് , രൂപഭേദത്തിന് ഇരയാകുന്നു. വൃക്ഷത്തിൽ നിന്നും അടർന്ന് വീഴുന്ന ഇലകൾ നിലത്ത് വർണ്ണശബളമായ പരവതാനി വിരിച്ച പ്രതീതി ജനിപ്പിക്കുന്നു. ഇലകൾ കൊഴിഞ്ഞ മരങ്ങൾ, വസന്തത്തിനായുള്ള കാത്തിരിപ്പ് തുടങ്ങുന്നു, വീണ്ടും അലങ്കാരവിഭൂഷിതരാകാൻ.
പകൽവെളിച്ചം അങ്ങേയറ്റം ഉപയോഗപ്പെടുത്താൻ അമേരിക്കയിൽ 'ഡേ ലൈറ്റ് സേവിങ് ' എല്ലാ വർഷവും നടപ്പാക്കുന്നു . മാർച്ച് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച്, നവംബർ മാസത്തെ ആദ്യത്തെ ഞായറാഴ്ച അവസാനിക്കുന്നതാണ് ഡേ ലൈറ്റ് സേവിങ് ടൈം. മാർച്ചിൽ ഒരു മണിക്കൂർ മുൻപോട്ടും, നവംബറിൽ ഒരു മണിക്കൂർ പിന്നോട്ടും സമയം മാറുന്നു. മാർച്ച് മാസത്തിൽ 'വസന്തം' ആരംഭിക്കുന്നതിനാൽ 'സ്പ്രിങ് ഫോർവേഡ് ' (സമയം ഒരുമണിക്കൂർ മുൻപോട്ട്) എന്നും നവംബറിൽ 'ശിശിരം' തുടങ്ങുന്നതിനാൽ 'ഫാൾ ബാക്' (സമയം പിന്നോട്ട്) എന്നുമുള്ള പദങ്ങൾ, മനസ്സിലാക്കാൻ എളുപ്പത്തിനായി ഉപയോഗിക്കുന്നു. മാർച്ചിലെ രണ്ടാമത്തെ ഞായറാഴ്ച വെളുപ്പിനെ രണ്ട് മണി ആകുമ്പോൾ രാജ്യത്തെ ഘടികാരങ്ങളെല്ലാം, മൂന്നു മണിയിലേക്ക് തിരിക്കുകയും ,നവംബറിലെ ആദ്യത്തെ ഞായറാഴ്ച വെളുപ്പിനെ രണ്ടു മണി ആകുമ്പോൾ, സമയം ഒരു മണിയിലേക്ക് മാറ്റുകയും ചെയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഓട്ടോമാറ്റിക് ആയി സമയം മാറുന്നു. ഈ സമയമാറ്റം പലപ്പോഴും ചിന്താക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാലാണ് മുകളിൽപ്പറഞ്ഞ പദപ്രയോഗങ്ങൾ,എളുപ്പത്തിൽ ഓർമ്മിക്കാനും മനസ്സിലാക്കാനും ഉപയോഗിക്കുന്നത്. മൂന്ന് ടൈം സോണുള്ള അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ഡേ ലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിട്ടില്ല.
ഡേ ലൈറ്റ് സേവിങ് ടൈമിന്റെ ചരിത്രം
രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് 1942 ഫെബ്രുവരി 9 മുതൽ 1945 സെപ്റ്റംബർ 30 വരെ ‘വാർ ടൈം' എന്ന പേരിൽ വർഷം മുഴുവനും ഡേലൈറ്റ് സേവിംഗ് ടൈം ഏർപ്പെടുത്തി. 1945 മുതൽ 1966 വരെ, ഡേലൈറ്റ് സേവിംഗുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടപ്പാക്കിയിരുന്നില്ല. അതിനാൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവാദമുണ്ടായിരുന്നു. പാലിക്കേണ്ട സമയവും അതാതു സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമായിരുന്നു. എന്നാൽ അത് രാജ്യത്താകമാനം ആശയക്കുഴപ്പം സൃഷ്ടിച്ചു. പ്രത്യേകിച്ച് വ്യവസായങ്ങൾ, ബ്രോഡ്കാസ്റ്റിംഗ്, റെയിൽവേ, എയർലൈൻസ്, ബസ് കമ്പനികൾ എന്നിവയുടെ പ്രവർത്തിസമയങ്ങളെപ്പറ്റി ആശയക്കുഴപ്പമായി. റേഡിയോ, ടി വി സ്റ്റേഷനുകൾ, ഗതാഗത കമ്പനികൾ തുടങ്ങിയവ പുതിയ ഷെഡ്യൂളുകൾ ഉണ്ടാക്കേണ്ടി വന്നു.
1974 ജനുവരി 4-ന്, പ്രസിഡന്റ് നിക്സൺ 'എമർജൻസി ഡേലൈറ്റ് സേവിംഗ് ടൈം എനർജി കൺസർവേഷൻ ആക്ട്' നടപ്പിലാക്കി. 1974 ഒക്ടോബർ 5-ന്, കോൺഗ്രസ് നിയമം ഭേദഗതി ചെയ്തു, ഡേ ലൈറ്റ് സേവിങ് ടൈം 1974 ഒക്ടോബർ 27-ന് അവസാനിപ്പിച്ചു. വീണ്ടും 1975 ഫെബ്രുവരി 23-ന് ആരംഭിച്ച് 1975 ഒക്ടോബർ 26-ന് അവസാനിക്കുകയും ചെയ്തു.യു.എസിലെ ചിട്ടയില്ലാത്ത ഡേലൈറ്റ് സേവിംഗ് ടൈം നടപ്പാക്കൽ വലിയ പൊരുത്തക്കേടുകൾക്ക് കാരണമായി. പല ബിസിനസ് സ്ഥാപനങ്ങളും കൃത്യമായ സമയ ക്രമം ആവശ്യപ്പെട്ടു. സമയത്തിന്റെ ഏകീകരണത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പ്രസ്തുത കമ്മിറ്റി നടത്തിയ സർവേയിൽനിന്നും ജനങ്ങളുടെ ചിന്താക്കുഴപ്പം വെളിപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക് ടൈംസ്, ഡേ ലൈറ്റ് സേവിങ് ടൈമിന്റെ ഏകീകരണത്തെ പിന്താങ്ങി. ആശയക്കുഴപ്പം പരിഹരിക്കാനായി കോൺഗ്രസ് മുൻകൈയെടുത്തു. പല വർഷങ്ങളിലും പല സമയങ്ങളും മാറി മാറി പരീക്ഷിച്ചു. 1986ൽ 'യൂണിഫോം ടൈം ആക്ട്' നിലവിൽ വന്നു. ഇപ്പോഴത്തെ സമയക്രമം നിയമത്തിൽ വന്നത് 2005ലും നടപ്പിലാക്കിയത് 2007 ലുമാണ്.
അമേരിക്കയിൽ മാത്രമല്ല കാനഡയും പല യൂറോപ്യൻ രാജ്യങ്ങളും ഡേ ലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിട്ടുണ്ട്.
അമേരിക്കയിൽ ഇനി അടുത്ത നാല് മാസം 'വൈകുന്നേര'ങ്ങളില്ലാത്ത ദിനങ്ങളായിരിക്കും. അഞ്ച് മണിക്ക് തന്നെ ഇരുട്ടിത്തുടങ്ങുന്ന അതിശൈത്യദിനങ്ങൾ!! ഋതുഭേദങ്ങൾ മനുഷ്യന്റെ ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവുമായി 'ഡേ ലൈറ്റ് സേവിങ് ടൈം' നിലനിൽക്കുന്നു. ഒപ്പം, മാറ്റം ഒരു മണിക്കൂർ മാത്രമാണെങ്കിൽ പോലും അതുമായി പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ തത്രപ്പാടും!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.