കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന്റെ ക്രൈസ്തവ പീഡനം തുടരുന്നു; ചൈനയില്‍ ബെയ്ജിംഗിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ അടച്ചു പൂട്ടി

കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന്റെ ക്രൈസ്തവ പീഡനം തുടരുന്നു; ചൈനയില്‍ ബെയ്ജിംഗിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ അടച്ചു പൂട്ടി

ബെയ്ജിംഗ്: ബെയ്ജിംഗിലെ പ്രശസ്തമായ ക്രിസ്ത്യന്‍ സ്‌കൂള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചു പൂട്ടി. രാജ്യ തലസ്ഥാനമായ ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍ ആന്റ് പ്രൈമറി സ്‌കൂളാണ് ചൈനീസ് അധികാരികള്‍ അടച്ചു പൂട്ടിയത്. ഇതോടെ ഓട്ടിസം ബാധിച്ചവരേപ്പോലെ പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ ഉള്‍പ്പെടെ നൂറിലധികം കുട്ടികളുടെ ഭാവി അവതാളത്തിലായി.

ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും മത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചൈനീസ് സന്നദ്ധ സംഘടനയായ 'ചൈന എയ്ഡാ'ണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ അടച്ച് സ്ഥലം ഒഴിവായി തരണമെന്ന ഉത്തരവിന്റെ പിന്നാലെയാണ് സ്‌കൂള്‍ അടച്ചു പൂട്ടിയത്. ഭവനങ്ങള്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയായ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളായിരുന്നു ഇത്.

കിന്റര്‍ഗാര്‍ട്ടനും പ്രൈമറി വിഭാഗത്തിനും പുറമേ ഡേ കെയര്‍, കിച്ചന്‍, ജിം, കളിസ്ഥലം, ലൈബ്രറി എന്നീ സൗകര്യങ്ങളുള്ള സ്‌കൂളായിരുന്നു ഗോള്‍ഡന്‍ റീഡ് കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍. കുട്ടികളുടെ പഠനം മുടക്കിക്കൊണ്ട് സ്‌കൂള്‍ അടച്ചു പൂട്ടിയതില്‍ 'ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍' (ഐ.സി.സി) പോലെയുള്ള അന്താരാഷ്ട്ര അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന മതപീഡനത്തിന്റെ ഭാഗം തന്നെയാണ് സ്‌കൂളിന്റെ അടച്ചു പൂട്ടലെന്നാണ് 'ചൈന എയ്ഡ്' വ്യക്തമാക്കുന്നത്.

മതപരമായ കാര്യങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മറവില്‍ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. 2018 ലാണ് ഇരുപത് ലക്ഷം യു.എസ് ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച ചൈനയിലെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് ദേവാലയം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ചൈനീസ് അധികാരികള്‍ തകര്‍ത്തത്.

ജിയാങ്ങ്‌സു, ഷേജിയാംഗ്, ഗുവാങ്ങ്‌ഡോങ്ങ് ജില്ലകളിലെ നിരവധി ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പരിശോധനകള്‍ നടന്നുവെന്നു ഐ.സി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ പുതിയ നിയന്ത്രണങ്ങള്‍ 2018 ല്‍ നടപ്പില്‍ വരുത്തിയതിന് ശേഷമാണ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കുള്ള സര്‍ക്കാര്‍ അതിക്രമങ്ങള്‍ കൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.