'1947 ല്‍ ലഭിച്ചത് ഭിക്ഷ; സ്വാതന്ത്ര്യം കിട്ടിയത് 2014 ല്‍': കങ്കണയുടെ പരാമര്‍ശം ഭ്രാന്തോ, രാജ്യദ്രോഹമോ എന്ന് വരുണ്‍ ഗാന്ധി

'1947 ല്‍ ലഭിച്ചത് ഭിക്ഷ; സ്വാതന്ത്ര്യം കിട്ടിയത് 2014 ല്‍': കങ്കണയുടെ പരാമര്‍ശം ഭ്രാന്തോ, രാജ്യദ്രോഹമോ എന്ന് വരുണ്‍ ഗാന്ധി

മുംബൈ: നരേന്ദ്ര മോഡി 2014 ല്‍ അധികാരത്തിലെത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം.പി വരുണ്‍ ഗാന്ധി. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്നു പറഞ്ഞ അദ്ദേഹം കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് ചോദിച്ചു.

ചില സമയത്ത് അവര്‍ മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുന്നു. ഇപ്പോള്‍ മംഗള്‍ പാണ്ഡേ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത്സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നു. ഇതിനെ ഭ്രാന്തെന്നോ, രാജ്യദ്രോഹമെന്നോ വിളിക്കേണ്ടതെന്ന് കങ്കണയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. 1947 ല്‍ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും അത് ഭിക്ഷയായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. 2014 ല്‍ ആണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നും കങ്കണ പറഞ്ഞു.

കങ്കണയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തിന്റെ പേരില്‍ എഎപി ദേശീയ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ പ്രീതി മേനോന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. ബിജെപിയുടെ കടുത്ത അനുഭാവിയായ കങ്കണയുടെ പരമാര്‍ശത്തെ വിമര്‍ശിച്ച് പാര്‍ട്ടി എംപി തന്നെ രംഗത്തെത്തിയത് കങ്കണയ്ക്കും ബിജെപിക്കും തിരിച്ചടിയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.