പാകിസ്താനില്‍ 12 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഇസ്ലാം ആക്കി വിവാഹം ചെയ്തു

പാകിസ്താനില്‍ 12 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഇസ്ലാം ആക്കി വിവാഹം ചെയ്തു

ഇസ്ലാമാബാദ് : പാകിസ്താനില്‍ 12 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്കു മാറ്റി 22 കാരന്‍ വിവാഹം ചെയ്തു. ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ചാബിലാണ് സംഭവമെന്ന് 'ഏഷ്യ ന്യൂസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സാഹിവാള്‍ സ്വദേശിനി മെരാബ് അബ്ബാസിനെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയത്. പിതാവില്ലാത്ത മെരാബ് മാതാവ് ഫര്‍സാനയ്ക്കൊപ്പമായിരുന്നു താമസം. രാത്രി ഫര്‍സാനയുടെ വീട്ടിലെത്തിയ ദാവൂദ് ആരും അറിയാതെ പെണ്‍കുട്ടിയെ ബലൂചിസ്ഥാനിലേക്കു കടത്തിക്കൊണ്ടുപോയി.

സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ കേസ് എടുത്ത പോലീസ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ദാവൂദിനെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ദാവൂദിനെ അറസ്റ്റ് ചെയ്യാനോ, പെണ്‍കുട്ടിയെ മോചിപ്പിക്കാനോ തയ്യാറായില്ല. ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ഇതിന് മുന്‍പും നിരവധി സമാന സംഭവങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭൂരിപക്ഷ സമൂഹത്തെ ഭയന്ന് പ്രദേശത്ത് ജീവിക്കുക അസാദ്ധ്യമാണെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ വില്‍സണ്‍ റാസ പ്രതികരിച്ചു. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി കുട്ടിയെ മാതാവിന് തിരികെ ഏല്‍പ്പിക്കണമെന്നു റാസ ആവശ്യപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഫര്‍സാനയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാര്‍സാനയുടെ സ്ഥിതി ദയനീയമാണെന്നു ബന്ധുവായ സെസില്‍ ജോര്‍ജ് പറഞ്ഞു. ഫാര്‍സനയ്ക്ക് നേരെ പല തരത്തിലുള്ള വെല്ലുവിളികളും ഉണ്ടായിരുന്നതായി സാഹിവാളിലെ പാസ്റ്റര്‍ സാഹിദ് അഗസ്റ്റിന്‍ ഏഷ്യ ന്യൂസിനോടു പറഞ്ഞു. തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത മതംമാറ്റവും വിവാഹവും ആവര്‍ത്തിക്കപ്പെടുന്നു. ഗുരുതരമായ ഒരു പ്രശ്‌നമാണിത്. ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്ക് നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം-അദ്ദേഹം ആവശ്യപ്പെട്ടു.

'മെരാബിന് 12 വയസേയുള്ളൂ' - പാസ്റ്റര്‍ അഗസ്റ്റിന്‍ തുടര്‍ന്നു. 'അവള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല.എന്നാല്‍ കുറ്റവാളികള്‍ ഈ നിയമ നിഷേധങ്ങള്‍ക്ക് മതത്തിന്റെ മറവില്‍ സുരക്ഷ തേടുന്നു. ഞങ്ങള്‍ക്ക് നീതി വേണം.' ഇരകള്‍ക്കോ സാക്ഷികള്‍ക്കോ കോടതിയില്‍ സത്യം പറയാനാകാത്ത അവസ്ഥയാണുള്ളതെന്നും പോലീസിന്റെ വഴി വിട്ട നീക്കങ്ങളും കുറ്റവാളികള്‍ക്കു തുണയായി മാറുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.