കിലോയ്ക്ക് വില 150 മുതല്‍ 200 വരെ; ഡ്രാഗണ്‍ ഫ്രൂട്ട് ടെറസിലും കൃഷി ചെയ്യാം

കിലോയ്ക്ക് വില 150  മുതല്‍ 200 വരെ; ഡ്രാഗണ്‍ ഫ്രൂട്ട് ടെറസിലും കൃഷി ചെയ്യാം

മെക്സിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാനാഗ്രഹിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന നിറം തന്നെയാണ് ഇവയുടെ പ്രത്യേകത. ഇവയുടെ കൃഷിക്കും ഇന്ന് വന്‍ ഡിമാന്റുണ്ട്. കിലോയ്ക്ക് 150 മുതല്‍ 200 വരെയാണ് വിപണി വില. ഇത് പലയിടങ്ങളിലും കൂടുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്സ് എളുപ്പത്തില്‍ തന്നെ വീട്ടില്‍ കൃഷി ചെയ്യാം. സ്ഥലപരിമിതിയുള്ളവര്‍ക്ക് വീട്ടിലെ ടെറസ് തന്നെ കൃഷിനിലമാക്കാവുന്നതാണ്.

നല്ലൊരു വരുമാന മാര്‍ഗം കൂടിയായതുകൊണ്ട് തീര്‍ച്ചയായും ഏവര്‍ക്കും പരീക്ഷിക്കാവുന്നതുമാണ്. ടെറസിലെ ഗ്രോബാഗില്‍ ഡ്രാഗണ്‍ കൃഷി പരീക്ഷിക്കാവുന്നതാണ്. എളുപ്പത്തില്‍ കുറ‌ഞ്ഞ സ്ഥലത്തില്‍ മികച്ച വരുമാനം സ്വന്തമാക്കാം. ഡ്രാഗണ്‍ പഴം ഉണ്ടായ ചെടിയുടെ കമ്പ് തന്നെ കൃഷിക്കായി തെരഞ്ഞെടുക്കണം. നടുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ കമ്പ് മുറിച്ച്‌ വയ്ക്കണം. കമ്പ് നടുന്നതിന് മുന്‍പ് കുറച്ച്‌ ഫംഗിസൈഡ് മുറിച്ച ഭാഗത്ത് പുരട്ടണം. ചുവട്ടില്‍ സുഷിരങ്ങളുള്ള പരന്ന വലിയ ഗ്രോബാഗുകള്‍ അല്ലെങ്കില്‍ ചെടിച്ചട്ടികളാണ് ഡ്രാഗണ്‍ ഫ്രൂട്ട് നടുന്നതിന് ഏറെ ഉചിതം.
മണ്ണ്, മണല്‍, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. അധികം താഴ്ത്താതെ കുറച്ച്‌ ചരിച്ചാണ് നാട്ടേണ്ടത്. നട്ടതിനുശേഷം അല്‍പ്പം വെള്ളം നനയ്ക്കണം. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം വെള്ളം ഒഴിച്ചുകൊടുക്കണം. വെള്ളം ചെടിച്ചട്ടിയില്‍ കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

ചെടി നട്ടുപിടിപ്പിച്ച്‌ രണ്ടു മാസത്തേയ്ക്ക് വളപ്രയോഗം പാടില്ല. അതിനുശേഷം ഇടയ്ക്കിടയ്ക്ക് ജൈവവളം ഉപയോഗിക്കാം. കമ്പിന് മുകളിലേയ്ക്ക് വളരാന്‍ പറ്റുന്ന രീതിയിലാണ് നടേണ്ടത്. മുകളിലേയ്ക്ക് എത്തുമ്പോള്‍ അറ്റം മുറിച്ചതിനുശേഷം അതില്‍ നിന്നും കിളിര്‍ത്തു വരുന്ന പുതിയ ശാഖകള്‍ ഒരു ടയറിനുള്ളിലോ മറ്റോ കടത്തിവിട്ട് താഴേയ്ക്ക് തൂങ്ങി കിടക്കുന്ന രീതിയില്‍ ക്രമീകരിക്കണം. തൂങ്ങിക്കിടക്കുന്ന കമ്പുകളില്‍ നിന്നാണ് പഴങ്ങള്‍ ഉണ്ടാകുന്നത്. ഇതില്‍ കൃത്രിമ പരാഗണം നടത്തുന്നതിലൂടെ കൂടുതല്‍ കായ് ഫലം ലഭിക്കുന്നു.

സീറോ കലോറി ഫ്രൂട്ടായ ഡ്രാഗണ്‍ ഫ്രൂട്ട് കൊളസ്ട്രോള്‍, ബി പി എന്നിവയ്ക്ക് ഏറെ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായി കൂടിയാണ് ഈ പഴം. വൈറ്റമിന്‍ എ, സി, അയണ്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.