കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഒരു ഓഡി കാര്‍ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുല്‍ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി.
ഓഡി കാര്‍ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസിന് സംശയിക്കുന്നു. മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഷയം.
ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്‍റെ മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളിൽ ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്.
കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി പരിശോധനയില്‍ തേവര ഭാഗത്ത് ഓഡി കാര്‍, അപകടം സംഭവിച്ച കാറിന് പിറകെ പായുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയം പൊലീസിനുണ്ട്.
ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണോ റഹ്മാന്‍ കാര്‍ ചേസിന്‍റെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇത് വരെ റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.