കൊച്ചി : ചികിത്സയ്ക്ക് പരസ്യം നല്‍കുന്നത് സംബന്ധിച്ചു നിയമനിര്‍മാണം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. യോഗ്യതയില്ലാത്തവര്‍ ചികിത്സ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇതെന്നും കോടതി പറഞ്ഞു. എന്നാൽ ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് നിയമസഭയ്ക്കു പരിമിതി ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും കേരള സര്‍ക്കാരിനു ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കി.
1945ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ചട്ടങ്ങളുടെയും 1954ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് നിയമത്തിന്റെയും വ്യവസ്ഥകളുടെ കടുത്ത ലംഘനം ഉണ്ടാകുന്നതായി കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ, ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യം നല്‍കുന്നത് വിലക്കുന്നതാണ് 1945ലെ ചട്ടം.
പല പരസ്യങ്ങളും ഇതിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നു. ഇതു കണ്ടെത്താനായി അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ എല്ലാ പരസ്യങ്ങളും നിരീക്ഷിക്കാനും നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തിനകം സര്‍ക്കാര്‍ സര്‍ക്കുലര്‍ അയയ്ക്കണം. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നു പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പരസ്യം ചെയ്യാന്‍ അനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു അടൂര്‍ കടമ്പനാട് സൗത്ത് എന്‍.പി.ആയുര്‍വേദ ഹോസ്പിറ്റലിന്റെ പ്രൊപ്രൈറ്റര്‍ ഡോ. കെ. സിദ്ധാര്‍ഥന്‍ നല്‍കിയ ഹര്‍ജിയാണു പരിഗണിച്ചത്. ചികിത്സ, ചികിത്സ സൗകര്യം എന്നിവ സംബന്ധിച്ചു പരസ്യം ചെയ്യാന്‍ ഹര്‍ജിക്കാരനു തടസമില്ലെന്നു കോടതി വിലയിരുത്തി.
അതിനാല്‍ ഹര്‍ജിക്കാരനു നിര്‍ദിഷ്ട പരസ്യം ചെയ്യാം. എന്നാല്‍, ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ പേര് പരസ്യം ചെയ്യരുത്. ചികിത്സ മൂലം സിവില്‍, ക്രിമിനല്‍ ബാധ്യതകളുണ്ടായാല്‍ ഹര്‍ജിക്കാരനാണ് ഉത്തരം പറയേണ്ടതെന്നും കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.