'പിതാവേ... എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ': ക്രിസ്തു മാതൃക പിന്‍പറ്റുവാന്‍ പുരോഹിതര്‍ക്കാവണം

'പിതാവേ... എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ':  ക്രിസ്തു മാതൃക പിന്‍പറ്റുവാന്‍ പുരോഹിതര്‍ക്കാവണം

ആഗോള ക്രൈസ്തവ സഭകളുടെ നിരയില്‍ പൗരാണിക രീതിയിലുള്ള വിശ്വാസ ആവിഷ്‌കാരങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ഭാരതത്തിലെ സുറിയാനി സഭകള്‍. ജറുസലേം, അന്ത്യോഖ്യാ, അലക്സാണ്ട്രിയ എന്നിവിടങ്ങളിലെ ആദ്യകാല സഭാ പ്രവര്‍ത്തനങ്ങളുടെ കാലഘട്ടത്തില്‍ തന്നെ ഭാരതത്തിലും ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ കടന്നുവന്നുവെന്നും നിത്യജീവന്റെ സുവിശേഷം പ്രസംഗിച്ച് ഇവിടെ സഭ സ്ഥാപിച്ചുവെന്നും ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.

ഭാരതത്തിലെ മാര്‍തോമാ നസ്രാണി സഭ ആദിമ കാലം മുതല്‍ തന്നെ മറ്റു പൗരസ്ത്യ സുറിയാനി സഭകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. പൊതുവായ ആരാധനാക്രമ പാരമ്പര്യം അവകാശപ്പെടുമ്പോഴും മാര്‍തോമാ നസ്രാണികളുടെ ആരാധനക്രമം തദ്ദേശീയമായും വളര്‍ച്ച പ്രാപിച്ചിരുന്നു. അങ്ങനെ ക്രിസ്തു ദര്‍ശനത്തിലും വിശ്വാസത്തിലും ആദിമ സഭയോട് അടുത്ത ബന്ധം പുലര്‍ത്തി തികച്ചും വചനാധിഷ്ഠിതമായി നിലനില്‍ക്കുന്നു.

യേശു ക്രിസ്തുവിന്റെ ജനനവും  പരസ്യ ജീവിതവും കുരിശു മരണവും പുനഃരുത്ഥാനവും അവിടുത്തെ പുനരാഗമനവും എല്ലാം ഉള്‍ക്കൊള്ളിച്ച്, സുവിശേഷങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്ര എന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന, സഭയുടെ പൗരാണിക സുറിയാനി സഭാ പാരമ്പര്യങ്ങള്‍ക്ക് ഉത്തമോദാഹരണമാണ്.

ക്രൈസ്തവ വിശ്വാസ ബോധ്യങ്ങളുടെയെല്ലാം കേന്ദ്രമായിരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കാലാകാലങ്ങളില്‍ വേണ്ട പരിഷ്‌കരണങ്ങള്‍ വരുത്തുവാന്‍ പ്രാര്‍ത്ഥനയുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സഭാ നേതൃത്വം എക്കാലത്തും ശ്രദ്ധാലുക്കളായിരുന്നു. ദൈവാവബോധത്തില്‍ രൂപപ്പെടുന്ന നവീനങ്ങളായ വെളിപ്പാടുകളുടെ അടിസ്ഥാനത്തില്‍ ദൈവാരാധന ഏറെ ഫലദായകമാകുവാനും കാലാതിവര്‍ത്തിയായ സഭയുടെ വിശ്വാസ ബോധ്യങ്ങള്‍ എല്ലാ കാലഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കുവാനുമുള്ള സഭയുടെ തീഷ്ണതയാണ് ഓരോ ലിറ്റര്‍ജി പരിഷ്‌കരണത്തിലൂം പ്രതിഫലിക്കുന്നത്.

'വിശുദ്ധ കുര്‍ബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനത്തോടു ചേര്‍ന്നു നിന്നു കൊണ്ടാണ് സീറോ മലബാര്‍ സഭ ഏതാനും ചില പരിഷ്‌കരണങ്ങള്‍കൂടി ഈ മാസം 28 മുതല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

കുര്‍ബാന അര്‍പ്പണത്തെക്കുറിച്ച് ആഗോള സഭയില്‍ രൂപപ്പെട്ട ചില പരിഷ്‌കരണങ്ങളുടെ ഫലമായി സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ അള്‍ത്താര അഭിമുഖമായും ജനാഭിമുഖമായും നിന്നുകൊണ്ടുള്ള വ്യത്യസ്തങ്ങളായ കുര്‍ബാനയര്‍പ്പണ രീതികളാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നത്.

വ്യത്യസ്ത രൂപത്തില്‍ വ്യത്യസ്ത രീതിയിലുള്ള ഈ കുര്‍ബാനയര്‍പ്പണത്തിന് ഒരു ഏകീകരണ രീതി ആവിഷ്‌കരിക്കേണ്ടത് സീറോ മലബാര്‍ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും അത്യന്താപേക്ഷിതമാണെന്ന ബോധ്യം സഭാ നേതൃത്വത്തിന് ഉണ്ടായിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നടപ്പാക്കുവാന്‍ താമസം നേരിട്ടു.

പതിറ്റാണ്ടുകളായുള്ള സഭയുടെ ഈ ആവശ്യമാണ് വിശുദ്ധ കുര്‍ബാന ഏകീകരണത്തിലൂടെ ഇപ്പോള്‍ നടപ്പാകാന്‍ പോകുന്നത്. സഭയുടെ സര്‍വ്വതോന്മുഖമായ അഭിവൃദ്ധി മാത്രം ലക്ഷ്യമാക്കിയുള്ള ഈ തീരുമാനത്തെ വിശ്വാസി സമൂഹം മുഴുവനും ഇരുകൈയും നീട്ടി സ്വീകരിക്കമ്പോള്‍ തന്നെ ഏതാനും വൈദികരും വിശ്വാസികളും ഇതിനെ പരസ്യമായി എതിര്‍ക്കുന്ന കാഴ്ചയും നാം കാണുന്നു. ഇത് ഓരോ സഭാ സ്നേഹിയിലും വലിയ വേദനയാണ് ഉളവാക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ കഴിഞ്ഞ ദിവസം ചില രൂപതകളിലെ ഏതാനും വൈദികര്‍ ഒരുമിച്ചുകൂടി കുര്‍ബാന ഏകീകരണത്തിനെതിരേ പ്രതിഷേധിച്ചത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആഘോഷിക്കുകയായിരുന്നു. സീറോ മലബാര്‍ സഭയെ സമൂഹത്തില്‍ അവഹേളിക്കാനും സഭയുടെ കെട്ടുറപ്പിനെ തകര്‍ക്കാനും തക്കം പാര്‍ത്തിരിക്കുന്ന സഭയുടെ എതിരാളികള്‍ക്കു മുന്നില്‍ അവരുടെ കളിപ്പാവകളെപ്പോലെയാണ് പല വൈദികരും അവിടെ പെരുമാറിയത്.

ആത്മീയ വിഷയങ്ങളില്‍ സഭാ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങളോട് തെരുവില്‍നിന്ന് പ്രതികരിക്കുന്നത് ക്രൈസ്തവികമായ രീതിയല്ല എന്ന് ചൂണ്ടിക്കാണിക്കട്ടെ. രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സാമൂഹിക സംഘടനകളും തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ കാര്യം സാധിക്കുന്ന രാഷ്ട്രീയ സമര രീതി, സമൂഹം ഏറെ ആദരവോടെ വീക്ഷിക്കുന്ന പുരോഹിതര്‍ക്ക് ഭൂഷണമോ എന്ന് വിമത സ്വരം ഉയര്‍ത്തുന്ന ഓരോ വൈദികനും ശാന്തമായിരുന്ന് ചിന്തിക്കണം.

'തിരുസഭ അതിശ്രേഷ്ഠമായ സ്ഥാനമാണ് വൈദികന് നല്‍കിയിരിക്കുന്നത്. തിരുപ്പട്ട സ്വീകരണം വഴി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിത രൂപം കൈക്കൊള്ളുന്നവരാണ് വൈദികര്‍. വിശുദ്ധ വസ്തുക്കളുടെ പരികര്‍മ്മികളെന്ന നിലയില്‍ ക്രിസ്തുവിനെ വൈദികര്‍ പ്രത്യേക വിധം പ്രതിനിധാനം ചെയ്യുന്നു. പ്രത്യേകിച്ച് കുര്‍ബാനയെന്ന ബലിയില്‍. തങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അനുകരിക്കേണ്ട ചുമതല വൈദികര്‍ക്കുണ്ട്. ക്രിസ്തുവിന്റെ മരണത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന അവര്‍ തങ്ങളിലെ ദുഷിച്ച തഴക്കങ്ങളും ദുര്‍മോഹങ്ങളും നിഗ്രഹിക്കാന്‍ ശ്രദ്ധിക്കണം'- ഇതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വൈദികരെ ഓര്‍മിപ്പിക്കുന്നത്.

തന്നെ അയച്ച പിതാവിനോട് ക്രിസ്തു എത്രമേല്‍ വിധേയത്വം പ്രകടിപ്പിച്ചുവെന്ന് തിരുവചനം വ്യക്തമാക്കുന്നു. 'മരണം വരെ, അതേ, കുരിശു മരണം വരെ അവിടുന്ന് അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി' (ഫിലി. 2:8). വേദനാജനകമായ മരണത്തിനു മുന്നിലും അനുസരണം ശീലിച്ച ഈശോ മശിഹായെ ബലിവേദിയിലും ജീവിതത്തിലും പ്രതിഫലിപ്പിക്കുന്നവര്‍ക്ക്  അതേ രക്ഷകന്റെ അനുസരണമാണ് വ്യക്തിഗത ഗുണമായി ഉണ്ടാകേണ്ടത്.

അനുസരണമില്ലാത്തവരുടെ ബലിയര്‍പ്പണങ്ങള്‍ക്ക് എന്തെങ്കിലും ആത്മീയഫലം ഉണ്ടാകുമോ എന്ന് സഭയ്ക്കെതിരേ ശബ്ദിക്കുന്ന ഓരോ പുരോഹിതനും ചിന്തിക്കണം. വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയുടെ പേരില്‍ തെരുവിലിറങ്ങി ദൈവഭയമില്ലാത്ത രാഷ്ട്രീയക്കാരെ പോലെ റാലി നടത്തുകയും സംഘടിക്കുകയും ചെയ്യുന്ന അക്രൈസ്തവ നടപടികളില്‍ നിന്നും പിന്തിരിയാന്‍ ഓരോ പുരോഹിതനും തിരിച്ചറിവുണ്ടാകണം.

'എന്റെ ഇഷ്ടമല്ല, പിതാവേ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' എന്നു പറഞ്ഞു കൊണ്ട് കുരിശിനെ സന്തോഷത്തോടെ സ്വീകരിച്ച ക്രിസ്തുവിന്റെ മാതൃക പിന്‍പറ്റുവാനും സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാനും പുരോഹിതര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇടവകകളില്‍ വിശ്വാസി സമൂഹം നിങ്ങളെ ധിക്കരിച്ചാല്‍ എങ്ങനെ നിയന്ത്രിക്കാനാകും? മാത്രമല്ല, സഭയുടെ ശത്രുക്കള്‍ക്ക് ആനന്ദിക്കാന്‍ അവസരമൊരുക്കിയുള്ള ഈ പ്രതിഷേധങ്ങള്‍ കൊണ്ട് ആത്യന്തികമായി ആരും ഒന്നും നേടില്ല എന്ന് തിരിച്ചറിയുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.