ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മഹാരാഷ്ട്രാ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം കോടതി തള്ളി. 'ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂ. താങ്കളുടെ ആവശ്യം പിന്നീട് പരിഗണിക്കാം' - കോടതി പറഞ്ഞു. എന്നാല്‍ ജയിലില്‍ കിടക്ക വേണമെന്ന ആവശ്യം ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവംബര്‍ രണ്ടിനാണ് മഹാരാഷ്ട്രാ മുന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന ദേശ്മുഖ് അറസ്റ്റിലാകുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസില്‍ 12 മണിക്കൂബര്‍ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുംബൈ പോലീസ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. സിബിഐ അദ്ദേഹത്തിനെതിരേ ഏപ്രിലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ഇ.ഡിയും അന്വേഷണം തുടങ്ങിയത്.
ആഭ്യന്തര മന്ത്രിപദം ദുരുപയോഗം ചെയ്ത് ബാര്‍, ഹോട്ടല്‍ ഉടമകളില്‍നിന്ന് പ്രതിമാസം നൂറ് കോടി രൂപ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇതില്‍ 4.70 കോടി രൂപ പിരിച്ചെടുത്തുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്.
സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ സഹായത്തോടെ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ദേശ്മുഖ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. കളങ്കിതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ അന്വേഷണമെന്നാണ് അദ്ദേഹം പറയുന്നത്.
മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചത്. അഴിമതി കേസുകള്‍ നേരിടുന്ന പരംബീര്‍ സിങ് നിലവില്‍ എവിടെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
മുംബൈ പോലീസും സംസ്ഥാനത്തെ ആന്റീ കറപ്ഷന്‍ ബ്യൂറോയും ഫയല്‍ ചെയ്ത കേസുകളാണ് പരംബീര്‍ സിങ് നേരിടുന്നത്. മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ആയിരുന്നു ദേശ്മുഖിന്റെ രാജി. പരംബീര്‍ സിങ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.