കൊച്ചി: കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നില്ലെങ്കില്‍ മലയോര ജനതയ്ക്ക് നിലനില്‍പ്പില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. അന്‍പതിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഇപ്പോഴത്തെ ഭൂനിയമത്തിന്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അടവു നയം മാറ്റി ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്നും അഡ്വ.വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന്റെ ഭാഗമാണ്. നഗരങ്ങളില്‍ വയല്‍ നികത്തി സൗധങ്ങള്‍ പണിതിരിക്കുന്ന പരിസ്ഥിതി മൗലിക വാദികളാണ് മലയോരങ്ങളിലെ ജന ജീവിതത്തെയും വികസനത്തെയും എക്കാലവും വെല്ലു വിളിക്കുന്നതും കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതും. വന്‍കിട ടൂറിസ്റ്റ് പദ്ധതികളും ഖനന ക്വാറികളും കര്‍ഷകരുടേതോ മലയോര ജനതയുടേതോ അല്ല. ഇവയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് സര്‍ക്കാരും ഉദ്യോഗസ്ഥരുമാണ്. ഇതിന്റെ പേരില്‍ പിറന്നു വീണ മണ്ണില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ പണിയെടുക്കുന്ന ഒരു ജനതയെ ക്രൂശിക്കാന്‍ അനുവദിക്കില്ല.
1964ലെ ഭൂപതിവ്ചട്ടം നാലാം റൂളും 1993ലെ പ്രത്യേക ചട്ടം റൂള്‍ മൂന്നും മുന്‍കാല പ്രാബല്യത്തോടെ അടിയന്തരമായി ഭേദഗതി ചെയ്യണം. ജനവാസ മേഖലയിലേയ്ക്കും കൃഷി ഇടങ്ങളിലേയ്ക്കും വന്യമൃഗങ്ങള്‍ കടക്കാതെ അതിര്‍ത്തി നിശ്ചയിച്ച് സംരക്ഷണം ഒരുക്കേണ്ടത് വനം വകുപ്പാണ്. പട്ടയ ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 20ന് ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തതയുണ്ടാകണം.
ഭൂരേഖകളില്‍ ഏലം കൃഷി, സെറ്റില്‍മെന്റ് എന്നൊക്കെ എഴുതിയിരിക്കുന്നതിന്റെ പേരില്‍ പട്ടയം നിഷേധിക്കരുത്. ഭൂരിഭാഗം പട്ടയ ഭൂമികളും കൃഷി ഭൂമി തന്നെയാണ്. ഈ ഭൂമിയില്‍ വീടുകള്‍, ചെറുകിട വ്യാപാരം, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് ഒരു നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നിലനില്‍പ്പിനും വേണ്ടിയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂനിയമങ്ങള്‍ കോടതി വ്യവഹാരത്തിലൂടെ ഇപ്പോഴും അടിച്ചേല്‍പ്പിച്ച് മലയോര മണ്ണിലെ ജനജീവിതം ദുസഹമാക്കുന്നതിനെ സംഘടിതമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിലുണ്ടായ ജനസംഖ്യാവര്‍ധന, തൊഴില്‍, വ്യാപാരം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി നാടിന്റെ സമസ്ത മേഖലകളിലും വന്നിരിക്കുന്ന വലിയ മാറ്റങ്ങളെ ഭരണത്തിലിരിക്കുന്നവര്‍ കാണാതെ പോകരുതെന്നും പ്രകൃതി ക്ഷോഭത്തെയും പ്രളയത്തെയും അതിജീവിച്ച് ജീവിത പോരാട്ടം നടത്തുന്ന ജന സമൂഹത്തെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തണമെന്നും വി.സി സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.