ക്ഷേമരാഷ്ട്രത്തില്‍ പട്ടിണി മരണം പാടില്ല; മൂന്നാഴ്ചയ്ക്കകം സമൂഹ അടുക്കള നയമുണ്ടാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ക്ഷേമരാഷ്ട്രത്തില്‍ പട്ടിണി മരണം പാടില്ല; മൂന്നാഴ്ചയ്ക്കകം സമൂഹ അടുക്കള നയമുണ്ടാക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമരാഷ്ട്രത്തില്‍ പട്ടിണിമരണമില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിശോധിച്ചശേഷമാണ് അവസാന അവസരമെന്ന നിലയ്ക്ക് കേന്ദ്രത്തിന് ഒരിക്കല്‍ക്കൂടി സമയം നല്‍കിയത്.

സമൂഹ അടുക്കളയ്ക്ക് സമഗ്രമായ പദ്ധതി കൊണ്ടു വരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴില്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെയെങ്കില്‍ അത് നിയമത്തിനു കീഴിലാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ പിന്നീട് സര്‍ക്കാരിന്റെ നയം മാറ്റം കൊണ്ട് പദ്ധതി ഇല്ലാതാവില്ല.

കേന്ദ്ര സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തതിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഉപഭോക്തൃ, ഭക്ഷ്യ, പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് ഫയല്‍ ചെയ്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഫയല്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. സമൂഹ അടുക്കള സംബന്ധിച്ച് വ്യക്തമായ നയത്തിന് രൂപം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം കേന്ദ്രം നല്‍കിയ 17 പേജുള്ള സത്യവാങ്മൂലത്തില്‍ ഒരിടത്തും പറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന അവസാനമുന്നറിയിപ്പാണിതെന്ന് ബെഞ്ച് വ്യക്തമാക്കി.

പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കാന്‍ സമൂഹ അടുക്കള തുറക്കുന്നതിന് നയമുണ്ടാക്കമെന്നാവശ്യപ്പെട്ട് അനൂന്‍ ധവാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിശോധിച്ചത്. കേന്ദ്രം നല്‍കിയ മറുപടിയില്‍ പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തതായി പറയുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ അവരുടെ സത്യവാങ്മൂലത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. അത് വീണ്ടും കേന്ദ്രം പറയേണ്ടതില്ല. പദ്ധതി തയ്യാറാക്കുന്നതു സംബന്ധിച്ച് ഒന്നും തന്നെ കേന്ദ്രത്തിന്റെ മറുപടിയില്‍ ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.