ക്രിസ്മസ് ദ്വീപ് 'കീഴടക്കി' ചെമ്പന്‍ ഞണ്ടുകളുടെ പട ;പ്രജനന കാലത്തെ പതിവു കുടിയേറ്റ ജാഥ

ക്രിസ്മസ് ദ്വീപ് 'കീഴടക്കി' ചെമ്പന്‍ ഞണ്ടുകളുടെ പട ;പ്രജനന കാലത്തെ പതിവു കുടിയേറ്റ ജാഥ

കാന്‍ബെറ:ക്രിസ്മസ് ദ്വീപിന് ഇത് ഞണ്ടുകളുടെ കുടിയേറ്റ കാലം. ദ്വീപിലാകെ ഞണ്ടുകള്‍ വിഹരിക്കുന്നു. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനന കാലത്ത് റോഡുകളിലൂടെയും പാലങ്ങളിലൂടെയും നീങ്ങുന്നത്.

വന്‍കരയില്‍ നിന്നു 2,600 കിലോ മീറ്റര്‍ ദൂരെ ഓസ്‌ട്രേലിയയുടെ അധീനതയിലാണ് ക്രിസ്മസ് ദ്വീപ്. വായു മാര്‍ഗ്ഗം മൂന്ന് മണിക്കൂറെടുക്കും ജാവയ്ക്ക് സമീപമുള്ള ഈ ചെറു ദ്വീപിലെത്താന്‍. പ്രകൃതി ഏറ്റവും വൈവിധ്യപൂര്‍ണ്ണമായി കാണപ്പെടുന്ന ഈ പ്രദേശം മണ്‍സൂണ്‍ മഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏറെ വൈവിധ്യമുള്ള ജീവി വര്‍ഗ്ഗങ്ങളെ കൊണ്ട് സമ്പന്നമാണെങ്കിലും ഇവിടത്തെ ചില തദ്ദേശീയ ജീവികള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം വന്നുപോയെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ഇന്നും മനുഷ്യന്റെ കൗതുകമുണര്‍ത്തുന്ന പ്രധാന ദൃശ്യമാണ് ക്രിസ്മസ് ഐലന്‍ഡ് റെഡ് ക്രാബ്.

ഒരിനം കര ഞണ്ടായ ഇവ എല്ലാ വര്‍ഷവും ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷം വനാന്തര്‍ഭാഗത്തെ മാളങ്ങളില്‍ നിന്ന് പുറത്ത് വരും. ദശലക്ഷക്കണക്കിനുണ്ടാവും സൈന്യത്തില്‍.ഈ ആണ്‍, പെണ്‍ ചെമ്പന്‍ ഞണ്ടുകള്‍ തുടര്‍ന്ന് ഒരു ദീര്‍ഘദൂര യാത്രയ്‌ക്കൊരുങ്ങും സമുദ്ര തീരത്തേക്ക്. മുട്ടയിടലാണ് ലക്ഷ്യം.

റോഡുകളും പാര്‍ക്കുകളുമെല്ലാം ഞണ്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഇത്തരത്തിലുള്ള ചുവന്ന ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്. ചിലപ്പോള്‍ കെട്ടിടത്തിന് മുകളിലും കതകിലും വീടിന്റെ വരാന്തയിലും വാഹനത്തിലുമെല്ലാം അവയെക്കാണാം. അതിനാല്‍ തന്നെ ഞണ്ടുകള്‍ വീട്ടില്‍ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും ദ്വീപ് നിവാസികളെടുക്കാറുണ്ട്.ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഞണ്ടുകള്‍ക്ക് സുരക്ഷിതമായി കടന്നു പോകാന്‍ പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആ സമയത്ത് കാറുകള്‍ റോഡിലിറക്കാന്‍ അനുവാദമില്ല. റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.