ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ 500 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ 500 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. വിപണിയില്‍ 124 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 540 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പോലീസ് കണ്ടെത്തിയത്. ജോര്‍ദാന്‍ റോമന്‍ ബ്രണ്ണന്‍ (26), ബ്രണ്ടന്‍ ജോണ്‍ സിപ്പിള്‍ (28) എന്നിവരാണ് വന്‍തോതില്‍ കൊക്കെയ്ന്‍ ഇറക്കുമതി ചെയ്തതിന് അറസ്റ്റിലായത്.

കഴിഞ്ഞ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളില്‍ ബ്രിസ്ബന്‍ തുറമുഖത്ത് മയക്കുമരുന്ന് ഇറക്കുമതി ചെയ്തതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്വീന്‍സ്ലന്‍ഡ് നാഷണല്‍ ആന്റി ഗ്യാങ്‌സ് സ്‌ക്വാഡിന്റെ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റുകള്‍. ലഹരികടത്ത് തടയാനുള്ള ഓപ്പറേഷന്‍ ചോപിനിന്റെ ഭാഗമായി, മൂന്നു വര്‍ഷമായി പോലീസ് നടത്തുന്ന അന്വേഷണത്തിലൊടുവിലാണ് ഇരുവരും പിടിയിലായത്.

കോമാഞ്ചെറോ, ലോണ്‍ വുള്‍ഫ് ഔട്ട്ലോ എന്നീ രണ്ട് നിയമവിരുദ്ധ മോട്ടോര്‍സൈക്കിള്‍ ക്ലബുകളിലെ രാജ്യത്തിനകത്തും പുറത്തുമുള്ള അംഗങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ് പ്രതികളെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി) പറഞ്ഞു.

2020 മേയ് എട്ടിനും 12-നും ഇടയില്‍ ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച 400 കിലോ മയക്കുമരുന്ന് ശേഖരം ബ്രിസ്ബന്‍ തുറമുഖത്ത് വച്ച് പിടിച്ചെടുത്തിരുന്നു. ജൂണ്‍ ഒന്നിനും ജൂണ്‍ 14-നും ഇടയില്‍ 48.5 കിലോ കൊക്കെയ്ന്‍ കൂടി ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച് എത്തിച്ചു. തുടര്‍ന്ന് കണ്ടെയ്നറുകള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് യാര്‍ഡിലേക്ക് ഇവ മാറ്റുകയും ചെയ്തു.


കണ്ടെയ്‌നറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തപ്പോള്‍.

കഴിഞ്ഞ വര്‍ഷം ആദ്യം ബെല്‍ജിയത്തിലേക്കു പോയ കപ്പലില്‍ പനാമയില്‍ വച്ചാണ് കണ്ടെയ്‌നര്‍ കയറ്റിയത്. 2020 ഫെബ്രുവരിയില്‍, കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ നിറച്ച 42 പാക്കറ്റുകള്‍ ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് തുറമുഖത്ത് വച്ച് അധികൃതര്‍ പിടിച്ചെടുത്തു. കണ്ടെയ്നര്‍ പിന്നീട് യുഎഇ, സിംഗപ്പൂര്‍ വഴി ബ്രിസ്ബനിലെത്തി.

ജൂണില്‍ ബ്രിസ്ബന്‍ തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍, ഒരു സ്റ്റോറേജ് യാര്‍ഡിലാണു സൂക്ഷിച്ചത്. ഈ കണ്ടെയ്നറിനായി പ്രതികള്‍ വിവിധ യാര്‍ഡുകളില്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചതായി പോലീസ് പറഞ്ഞു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്ത വെള്ള വാനിലാണ് ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഇരുവരും യാത്ര ചെയ്തത്. ബ്രിസ്ബന്‍ തുറമുഖത്തിന് സമീപമെത്തിയപ്പോള്‍ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമത്വം വരുത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.