ടോറന്റോ: ഫൈസര്‍ ബയോടെക് സമര്‍പ്പിച്ച അപേക്ഷ പ്രകാരം, അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ആദ്യത്തെ കോവിഡ് വാക്സിന് അംഗീകാരം നല്കി കാനഡ. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് രണ്ട് ഡോസുകള്‍ നല്കാമെന്നാണ് പ്രതിരോധ കുത്തിവെയ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഡോസുകള്‍ക്കിടയില്‍ കുറഞ്ഞത് എട്ടാഴ്ചയെങ്കിലും അകലം വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്ല വാര്‍ത്തയാണിതെന്ന് കോവിഡ് വ്യാപനത്തിന്റെ നാലാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്ന കേസുകളുടെ എണ്ണത്തെ പരാമര്‍ശിച്ച് ഹെല്‍ത്ത് കാനഡ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സുപ്രിയ ശര്‍മ പറഞ്ഞു. കുട്ടികളില്‍ കോവിഡ് തടയുന്ന വാക്സിന്‍ 90.7 ശതമാനമാണ് ഫലപ്രാപ്തി കാണിച്ചത്. മാത്രമല്ല ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റഗുലേറ്റര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ 16 നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ ഫൈസര്‍ ബയോടെക് പഠനത്തില്‍ വ്യക്തമായ അതേ നിലയിലുള്ള സുരക്ഷിതത്വും ഫലപ്രാപ്തിയും അഞ്ചു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണ ഫലങ്ങളും കാണിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വാക്സിന്‍ നല്‍കുന്ന പക്ഷമുള്ള പ്രയോജനങ്ങള്‍ അപകട സാധ്യതകളേക്കാള്‍ കൂടുതലാണെന്ന് ഹെല്‍ത്ത് കാനഡ നിര്‍ണയിച്ചതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആറു മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്കായുള്ള മോഡേണയുടെ വാക്സിന്‍ അപേക്ഷ ഹെല്‍ത്ത് കാനഡ അവലോകനം ചെയ്തുവരികയാണ്. യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കുട്ടികള്‍ക്കുള്ള ഫൈസര്‍ ബയോടെക് വാക്സിന് ഒക്ടോബര്‍ 29ന് അംഗീകാരം നല്കിയിരുന്നു. യു എസില്‍ ഇതിനകം രണ്ടര ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്കിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.