'ഇനിയും പഠിക്കാത്ത മനുഷ്യന്‍': ആമസോണ്‍ വനങ്ങള്‍ വെട്ടിത്തീര്‍ക്കുന്നു !

'ഇനിയും പഠിക്കാത്ത മനുഷ്യന്‍': ആമസോണ്‍ വനങ്ങള്‍ വെട്ടിത്തീര്‍ക്കുന്നു !

കാലാവസ്ഥാ മാറ്റം ലോകത്തെ മുഴുവന്‍ ദുരന്തത്തിലേക്ക് നയിക്കുമ്പോഴും ആമസോണ്‍ മഹാവനം ഇല്ലാതാവുകയാണെന്നാണ് ബ്രസീലിലെ ബഹിരാകാശ ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കുന്നത്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വനനശീകരണമാണ് ആമസോണില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. 22 ശതമാനമായി വനനശീകരണം വര്‍ധിച്ചതായാണ് പഠനം വെളിപ്പെടുത്തുന്നത്.

ഗ്ലാസ്ഗോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 2030ഓടെ വനനശീകരണം ഇല്ലാതാക്കുമെന്നും പുതിയ വനങ്ങള്‍ വെച്ചു പിടിപ്പിക്കുമെന്നുമുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യമാണ് ബ്രസീല്‍. മുമ്പൊരിക്കലും ഇല്ലാത്ത വിധം വന നശീകരണത്തിന് അനുകൂലമായ നടപടികളാണ് പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ ഭരണകൂടം സ്വീകരിക്കുന്നത്. അതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നത്.

സസ്യങ്ങളും ജന്തുജാലങ്ങളും അടക്കം 30 ലക്ഷം ജീവി വര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇടമാണ് ആമസോണ്‍ വനം. ആഗോള താപനം കുറയ്ക്കുന്നതിന് സഹായകമാവുന്ന ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന വനമേഖലയാണ് ഇത്. ഇവിടെ 2020-21 വര്‍ഷം മാത്രം 13,325 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് വെട്ടിമാറ്റിയതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2006നു ശേഷം ഏറ്റവും അധികം വനം കൊള്ള നടന്ന വര്‍ഷമാണിത്.

വനനശീകരണം രാഷ്ട്രത്തിനു മുന്നില്‍ വലിയ വെല്ലുവിളിയായിരിക്കുവാണെന്നാണ് ബ്രസീല്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ജോക്വിം ലെയിറ്റെ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ പുതിയ റിപ്പോര്‍ട്ടില്‍ കാര്യമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവാസം ഇല്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിലയിരുത്തല്‍.

അതായത് ആമസോണ്‍ അടക്കമുളള വനങ്ങള്‍ക്കരികിലുള്ള പുതിയ ആവാസ കേന്ദ്രങ്ങളിലാവും പുത്തന്‍ വൈറസുകള്‍ ഉത്ഭവിക്കുക എന്നാണ് നിഗമനം. ഭക്ഷണത്തിനടക്കം വന്യ മൃഗങ്ങളുമായി നിരന്തരം ഇടപഴകുന്ന വനമേഖലയിലെ കുടിയേറ്റക്കാരില്‍ നിന്നായിരിക്കും ലോകത്തിന് ഭീഷണിയാവുന്ന പുതിയ മഹാമാരി ഉണ്ടാവുകയെന്ന് ലോസ് ആഞ്ചലസ് ടൈംസ് നടത്തിയ അന്വേഷണം ഈയിടെ വ്യക്തമാക്കിയിരുന്നു.

ആമസോണ്‍ വനം കൈയേറി താമസിക്കുന്ന ജന വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ വന മേഖലകളില്‍ വൈറസ് ബാധയുടെ സാധ്യതകള്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.