കുവൈറ്റ് സിറ്റി: പത്തൊൻപതാം നൂറ്റാണ്ടിനു മുൻപും അതിനു ശേഷവും എന്ന് കേരള ചരിത്രത്തെ രണ്ടായി വിഭജിച്ചത് അച്ചടിച്ച പുസ്തകത്തിന്റെ കടന്നുവരവാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ജോമോൻ എം മങ്കുഴിക്കരി അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ എസ് എം സി എ കുവൈറ്റ് മേഖല മലയാള മാസാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മലയാള "ഭാഷ അച്ച് പതിഞ്ഞ രണ്ടുശതകങ്ങൾ " എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പനയോലത്താളിൽ നാരായമുനകൾ പതിഞ്ഞ ഒരു കാലഘട്ടത്തിൽ നിന്ന് കടലാസിൽ അച്ചുപതിഞ്ഞ ഒരു കാലത്തേക്ക് മലയാള ഭാഷയെ നയിച്ച റവ. ബെഞ്ചമിൻ ബെയ്‌ലിയാണു ഈ യുഗപരിവർത്തനത്തിനു നടുനായകത്വം വഹിച്ചത്.
മലയാളം അച്ചടിയുടെയും ടൈപ്പോളജിയുടെയും പിതാവ്, നിഘണ്ടു നിർമ്മാണത്തിന്റെ പ്രാരംഭകൻ, വിവർത്തന ശാഖയ്ക്ക് ഗതിവേഗം പകർന്ന വ്യക്തിത്വം തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ് .
കേരളീയ സമൂഹത്തിലെ എല്ലാ സാമൂഹ്യ നവോത്ഥാന നീക്കങ്ങളും സമത്വ ചിന്തയുടെ വ്യാപനവും രാഷ്ട്രീയമാറ്റങ്ങളും അച്ചടി ആരംഭമിട്ട അക്ഷരയുഗത്തിന്റെ സദ്ഫലങ്ങൾ തന്നെ. യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതിക വിദ്യയെ യൂറോപ്യൻ സഹായമില്ലാതെ കേരളത്തിൽ തനതായി വികസിപ്പിച്ചുകൊണ്ട് വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും മലയാള അച്ചടിയുടെ ചരിത്രത്തിൽ അനശ്വര മുദ്ര പതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഫാഹേൽ ഏരിയ ജനറൽ കൺവീനർ ജോഷ്വ ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റിനീഷ് വർഗീസ്, പ്രിൻസ് ആന്റണി, ജോജി കുരിക്കൽ, ലിജേഷ് കല്ലേലി, ബിനു ജോർജ് എന്നിവർ സംസാരിച്ചു. ടിങ്കാ ജോഫി അവതാരകയായിരുന്നു.
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറിയ ചടങ്ങിന് ജോയി അരീക്കാട് സ്വാഗതവും ഷിജോ അലക്സ് നന്ദിയും പറഞ്ഞു.
പ്രഭാഷണ പരമ്പരയിലെ നാലാമത്തെ പ്രഭാഷണം ഇന്ന് വൈകിട്ട് 6.30 ന് "പ്രവാസി ലോകവും ഭാഷാ - സാംസ്ക്കാരിക കൈമാറ്റവും " എന്ന വിഷയത്തെ ആസ്പദമാക്കി ബോംബേ ഐ.ഐ.ടി യിലെ റവ.ഡോ.സി.ഡി. സെബാസ്റ്റ്യൻ നിർവ്വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.