മയക്കുമരുന്നിനെപ്പറ്റി പാടുന്ന കളിപ്പാട്ടം വിറ്റ് പുലിവാല്‍ പിടിച്ച് വാള്‍മാര്‍ട്ട്; പ്രതിഷേധം ആളിയപ്പോള്‍ പിന്മാറ്റം

മയക്കുമരുന്നിനെപ്പറ്റി പാടുന്ന കളിപ്പാട്ടം വിറ്റ് പുലിവാല്‍ പിടിച്ച് വാള്‍മാര്‍ട്ട്; പ്രതിഷേധം ആളിയപ്പോള്‍ പിന്മാറ്റം

ടോറന്റോ: വാള്‍മാര്‍ട്ട് വഴി വില്‍പ്പന നടത്തിപ്പോന്ന സംഗീത കളിപ്പാട്ടം കുട്ടികള്‍ക്കു പാടിക്കൊടുക്കുന്ന പാട്ടുകളിലൊന്ന് മയക്കുമരുന്നിനെപ്പറ്റി. രോഷാകുലരായ ഉപഭോക്താക്കള്‍ പരാതിയുമായി ഉറഞ്ഞു തുള്ളിയതിനെത്തുടര്‍ന്ന് ഈ 'ഡാന്‍സിംഗ് കാക്ടസ് ടോയ്' ഇനി വില്‍ക്കില്ലെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു.

കള്ളിമുള്‍ച്ചെടിയുടെ രൂപത്തിലുള്ള നൃത്തം ചെയ്യുന്ന പാവയാണ് പോളിഷ് ഭാഷയില്‍ കൊക്കെയ്ന്‍ ആസക്തിയെക്കുറിച്ച് പാടി വിവാദത്തിലായത്. പോളിഷ് റാപ്പ് ഗായകനായ സൈപിസിന്റെ 2015-ല്‍ പുറത്തിറങ്ങിയ ഗാനത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തെയും മരണത്തെയും കുറിച്ചുള്ള വരികള്‍ ഉള്‍ക്കൊള്ളുന്നു. അവിചാരിതമായി ഇതു കേട്ട ഒരു മുത്തശ്ശിയാണ് ആദ്യമായി പ്രതിഷേധിച്ചത്. വിഷയം വന്‍ വാര്‍ത്തയാക്കി, കാനഡയിലെ സിറ്റിവി ന്യൂസ്.

'ഈ കളിപ്പാട്ടം ശകാരവാക്കുകളുച്ചരിച്ച് കൊക്കെയ്ന്‍ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്നു. നിരാശാജനകമായ ഗാനമാണിത്' മുത്തശ്ശി ടിവി ചാനലിനോടു പറഞ്ഞു. ' ഞാന്‍ എന്റെ കൊച്ചുമകള്‍ക്ക് ഓര്‍ഡര്‍ ചെയ്തത് ഇത്തരത്തിലുള്ള സാധനമല്ല.' വളരുന്ന തലമുറയെ വഴി പിഴപ്പിക്കുന്ന നടപടിക്ക് വാള്‍മാര്‍ട്ട് കൂട്ടുനില്‍ക്കുന്നതില്‍ വ്യാപക ജനരോഷമുയര്‍ന്നു.

ബജറ്റ് റീട്ടെയിലര്‍മാര്‍ക്കായുള്ള വാള്‍മാര്‍ട്ട് വെബ്സൈറ്റില്‍ ആണ് ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ് ഭാഷകളില്‍ പാടുന്ന 'ഡാന്‍സിംഗ് കാക്ടസ് ടോയ്' 25.85 ഡോളറിന് ലിസ്റ്റ് ചെയ്തിരുന്നത്. കളിപ്പാട്ടം സൃഷ്ടിച്ച ചൈനീസ് നിര്‍മ്മാതാവ് തന്റെ റാപ്പ് ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും സൈപിസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.