പായലില്‍ നിന്ന് ജൈവ ഇന്ധനം: താല്‍പര്യമെടുത്ത് സംസ്ഥാന സര്‍ക്കാര്‍

 പായലില്‍ നിന്ന് ജൈവ ഇന്ധനം: താല്‍പര്യമെടുത്ത് സംസ്ഥാന സര്‍ക്കാര്‍

റാഞ്ചി: റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുളങ്ങളിലെ പായല്‍ക്കൊണ്ട് ഇന്ധനം ഉണ്ടാക്കുന്നു. കുളങ്ങളിലെ പായല്‍ മുഴുവന്‍ വിശാല്‍ പ്രസാദ് ഗുപ്ത എന്ന യുവ എന്‍ജിനിയര്‍ക്ക് ഡീസലുണ്ടാക്കാന്‍ നല്‍കണം. പായലില്‍ നിന്നുണ്ടാക്കുന്ന ജൈവ ഡീസല്‍ നല്‍കാന്‍ റാഞ്ചിയില്‍ പ്രത്യേക പമ്പു തന്നെ തുടങ്ങിയിട്ടുണ്ട് ഈ നാല്‍പത്തിരണ്ടുകാരന്‍.

സാധാരണ ഡീസലിനെക്കാള്‍ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വില്‍ക്കുന്നത്. ഉല്‍പാദനം വലിയ തോതിലാക്കിയാല്‍ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5000 ലിറ്റര്‍ വരെ വില്‍ക്കുന്നു. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പു നല്‍കുന്ന ജൈവ ഡീസല്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ് (കാര്‍ബണ്‍ ന്യൂട്രല്‍). കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആല്‍ഗയും (ഒരുതരം പായല്‍) ബിര്‍സാ കാര്‍ഷിക സര്‍വകലാശാലയില്‍ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്.

പായല്‍ ഉണക്കിപ്പൊടിച്ചാണ് ബോയിലറില്‍ നിക്ഷേപിക്കുന്നത്. ഉപോല്‍ഡപന്നങ്ങളായി ലഭിക്കുന്ന വസ്തുക്കള്‍ ജൈവവളമാക്കാം. രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ ജൈവ ഇന്ധനമുണ്ടാക്കുന്ന പ്രക്രിയയുടെ പേറ്റന്റിന് വിശാല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.സാങ്കേതികമായി സഹകരിക്കാന്‍ ഇന്ത്യന്‍ ഓയിലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സമീപിച്ചതായി വിശാല്‍ പറഞ്ഞു.

തങ്ങളുടെ വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതാണ് ഈ ഇന്ധനമെന്ന് ടാറ്റാ മോട്ടോഴ്സും സാക്ഷ്യപ്പെടുത്തി. ഒരു ഹെക്ടര്‍ സ്ഥലത്തെ പായലില്‍ നിന്ന് ഒരുലക്ഷം ലിറ്റര്‍ ഇന്ധനമുണ്ടാക്കാം. പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായല്‍ വീണ്ടുമുണ്ടാകുമെന്നതിനാല്‍ അസംസ്‌കൃതവസ്തുവിന്റെ ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടാ.

ഓറഞ്ച് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജൈവ ഡീസല്‍ പമ്പ് നടത്തുന്നത്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തശേഷം എണ്ണക്കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സിലും പിന്നീട് ഐ.ഒ.സി. ഗവേഷണ വിഭാഗത്തിലും ജോലിചെയ്ത വിശാല്‍ 2018-ലാണ് ജൈവ ഇന്ധനമുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്.

ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാല്‍ പറയുന്നു.
തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തില്‍ പായലില്‍നിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈര്‍പ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതല്‍ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായല്‍ വളരാന്‍ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.