ബ്രസീലിയന്‍ മോഡല്‍ വോട്ട് ചെയ്തത് 22 തവണ: ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി; 'എച്ച് ഫയല്‍സ്' ബോംബുമായി രാഹുല്‍ ഗാന്ധി

ബ്രസീലിയന്‍ മോഡല്‍ വോട്ട് ചെയ്തത് 22 തവണ: ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി; 'എച്ച് ഫയല്‍സ്' ബോംബുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളാണ് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് പത്ത് ബൂത്തുകളിലായി 22 വോട്ടുണ്ടെന്നും വോട്ടര്‍ പട്ടിക തെളിവായി ചൂണ്ടിക്കാട്ടി രാഹുല്‍ വ്യക്തമാക്കി.

ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷ വിമര്‍ശനം. നാളെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് നടക്കാനിരിക്കെയാണ് വോട്ട് കൊള്ള ആരോപണത്തില്‍ ആറ്റംബോംബിന് പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ ഹൈഡ്രജന്‍ ബോംബും രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്.

'സ്വീറ്റി, സീമ, സരസ്വതി' എന്നി വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തു. ഇത്തരത്തില്‍ വോട്ട് ചെയ്ത യുവതി ബ്രസീലീയന്‍ മോഡല്‍ മതിയൂസ് ഫെരെരോയാണെന്നും രാഹുല്‍ പറഞ്ഞു. അതിന്റെ രേഖകളും അദേഹം പുറത്തുവിട്ടു.

വ്യാജ വോട്ടുകൊണ്ട് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ വിജയം പരാജയമാക്കി. എക്സിറ്റ് പോളുകളും പോസ്റ്റല്‍ വോട്ടുകളുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അവിടെ 1.18 ലക്ഷം വോട്ടാണ് കോണ്‍ഗ്രസ്-ബിജെപി അന്തരമുണ്ടായതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് തോറ്റ എട്ട് മണ്ഡലങ്ങളില്‍ ആകെ വോട്ട് വ്യത്യാസം 22,729 മാത്രമാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ വലിയ ഗൂഢാലോചന നടന്നെന്നും ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും രാഹുല്‍ വ്യക്തമാക്കി.

ഹരിയാനയില്‍ നടന്നത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയാണ്. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളില്‍ മാത്രമായി സംഭവിക്കുന്നതല്ല. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. 5,21619 ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരുണ്ടായെന്നും 93,174 വ്യാജ വിലാസങ്ങളുണ്ടായെന്നും രാഹുല്‍ ആരോപിച്ചു. ഇത് വീണ്ടും പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്.

ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം നൂറ് വോട്ടുകളാണുള്ളത്. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജ്ഞാനേഷ് കുമാര്‍ വോട്ട് മോഷ്ടാക്കളെയും ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്നര ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. ലോക്സഭയില്‍ വോട്ട് ചെയ്തവര്‍ക്ക് നിയമസഭയില്‍ വോട്ട് ഉണ്ടായില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ വേദിയിലെത്തിച്ചും രാഹുല്‍ തെളിവ് നിരത്തി.

രാജ്യത്ത് കേന്ദ്രീകൃതമായ ഇത്തരം തട്ടിപ്പുകള്‍ ഇനിയും തുടരരുത്. ജനാധിപത്യവും സത്യവും അഹിംസയും പുലരണം. അത് തിരിച്ചുപിടിക്കാനുള്ള ശക്തി ഇന്ത്യന്‍ യുവതയ്ക്കുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.