താഗ്‌ബേ(നൈജീരിയ): നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. പ്ലേറ്റോ സംസ്ഥാനത്തുളള താഗ്‌ബേ ഗ്രാമത്തില്‍ മുസ്ലിം ഫുലാനി തീവ്രവാദികള്‍ പത്ത് ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തി. നൂറോളം ഭവനങ്ങളും തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കി.
കറുത്ത വസ്ത്രം ധരിച്ച് അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ച് ആയുധങ്ങളുമായിട്ടാണ് അക്രമികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരിഗ്വേ യൂത്ത് മൂവ്‌മെന്റ് എന്ന സംഘടനയുടെ അധ്യക്ഷന്‍ പ്ലേറ്റോ സംസ്ഥാനത്ത് നടന്ന അക്രമണം സ്ഥിരീകരിച്ചു. അക്രമണത്തില്‍ തന്റെ പേരക്കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് മിയാംഗോ ജില്ലയിലെ ഒരാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിബി ഗാരാ എന്നൊരാള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു.
ഗരാ കു (80), വിയെ ഗര (67), തല ഗര (68), റിക്വ ബാലയോ (65), തബിത ദന്‍ലാമി (8), സിബി ദന്‍ലാമി (4), ഫ്രൈഡേ മൂസ (35), ഡാനിയേല്‍ മണ്ടി (45), മേരി ചോഗോ (86), അയോ ബാലായി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. അക്രമത്തെ തുടര്‍ന്നു 690 ആളുകളെ താല്‍ക്കാലിക സ്ഥലങ്ങളിലേക്ക് മാറ്റി.
മിയാംഗോ ജില്ലയില്‍ അഞ്ച് മാസത്തിലേറെ സേവനം ചെയ്തിട്ടുണ്ടെന്നും ഇതിനിടയില്‍ ഫുലാനികളുടെ ആക്രമണത്തിന് ഇരയായ അമ്പതോളം ആളുകള്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും മിയാംഗോ, കാള്‍ ജില്ലകളിലെ ഏക ഡോക്ടര്‍ ഇബ്രാഹിം അമുര്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു. ഇതില്‍ കൂടുതലും ഇരിഗ്വേ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ വിശ്വാസികളായിരുന്നു.
ആശുപത്രിയിലെ ചികിത്സാ ചെലവ് നല്‍കാന്‍ പോലും പ്രാപ്തിയില്ലാത്ത ഇവര്‍ക്ക് ക്രൈസ്തവ സമൂഹവും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകളുമാണ് സഹായം നല്‍കി വന്നിരുന്നത്. ആശുപത്രിയിലേക്ക് കൂടുതല്‍ മരുന്നുകള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിതര സംഘടനകളോട് ഡോക്ടര്‍ ഇബ്രാഹിം അഭ്യര്‍ത്ഥിച്ചു.
അക്രമങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഇരകളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം ഫുലാനി തീവ്രവാദികള്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ക്രൈസ്തവര്‍ അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന രാജ്യമാണ് നൈജീരിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.