ചിന്താമൃതം: ബാങ്ക് ലോണില്ലാത്ത കിളികൾ

ചിന്താമൃതം: ബാങ്ക് ലോണില്ലാത്ത കിളികൾ

പുൽത്തകിടിക്ക് നടുവിലുള്ള വലിയ ബെഞ്ചിൽ ചാരി ഇരുന്ന് മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ശ്രമിച്ചു. ഒരുപാട് ചിന്തകൾ ഒരേ സമയം മനസിനെ മദിച്ച് വട്ടമിട്ട് കറങ്ങുന്നു. ഓഫീസ്, ജോലി, ബാധ്യതകൾ, സമൂഹത്തോടുള്ള കടപ്പാടുകൾ, കുടുംബം, ബന്ധങ്ങൾ, ഇങ്ങനെ വിവിധ പേരുകൾ നൽകാവുന്ന പൂവീച്ചകൾ ഒരു ചെറിയ മൂളലോടെ വട്ടമിട്ട് പറക്കുംപോലെ തലയ്ക്ക് ചുറ്റും വല്ലാത്ത ഇരമ്പലുകൾ.

മനോഹരമായ പുൽത്തകിടി, ഇടയ്ക്കിടെ നിറയെ പൂക്കളുമായി ചെറിയ ചെടികൾ. അങ്ങിങ്ങായി പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറുന്ന പഴങ്ങൾ നിറഞ്ഞ ഈന്തപ്പനകൾ. നീണ്ട കൊക്കുകളുള്ള ചെറിയ കിളികൾ പുല്ലുകൾക്കിടയിൽ നിന്ന് എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു. അതിനിടയിലൂടെ കുസൃതി കാട്ടി ചെറിയ മൈനകൾ വട്ടമിട്ട് പറക്കുന്നു.

ഏതാനും മിനിറ്റുകൾക്ക് ശേഷം ഞാൻ കാത്തിരുന്ന വ്യക്തി എത്തി. സാർ, ക്ഷമിക്കണം അല്പം താമസിച്ചു. സാരമില്ല, വരൂ ഇരിക്കാം എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആ ബെഞ്ചിലേക്ക് ക്ഷണിച്ചു. നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോകാം സാർ, അദ്ദേഹത്തിന്റെ ആവശ്യത്തെ നിരസിച്ച് കൊണ്ട് ഞാൻ പറഞ്ഞു വേണ്ട ഇവിടെ ഇരിക്കാം. ഈ സ്ഥലം വല്ലാത്ത ആശ്വാസം നൽകുന്നു. അയാൾ ഇരുന്നു. അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ അദ്ദേഹത്തെ കാര്യം പറയാൻ ക്ഷണിച്ചു.

ഇടയ്ക്കിടെ തന്നെ ആക്രമിക്കുന്ന മാനസിക രോഗിയായ ഭാര്യ. രണ്ട് മക്കളിൽ ഓട്ടിസം ബാധിച്ച ഇളയ മകൾ. ചികിത്സകൾക്കായി നാട്ടിലെ വീടും സ്ഥലവും വിറ്റ കഥ മുതൽ ബാങ്ക് ലോണും ജീവിത ഭാരവുമെല്ലാം അദ്ദേഹം എന്റെ മുൻപിൽ ഇറക്കി വച്ചു. സ്വന്തമായി നടത്തിയ ബിസിനസ്സ് തകർന്നതും പാർട്നർ ചതിച്ചതും തുടങ്ങി അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അര മണിക്കൂറിനുള്ളിൽ എന്റെ മുൻപിൽ തുറന്ന് വച്ചു.പ്രാർത്ഥിക്കാം എന്നുള്ള പതിവ് ആശ്വാസ വാക്കിനപ്പുറം എന്തെങ്കിലും പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എനിക്ക് ഒന്നുമുണ്ടായില്ല. കുറച്ച് സമയം അതി വിശാലമായ പുൽത്തകിടിയിലേക്ക് നോക്കി ഞാൻ നിശബ്ദനായിരുന്നു. സാർ, അങ്ങയുടെ സമയം ഞാൻ നഷ്ടപെടുത്തിയോ, ക്ഷമിക്കണം. ഇത്രയും അങ്ങയോട് പറഞ്ഞപ്പോൾതന്നെ എനിക്ക് വല്ലാത്ത ആശ്വാസം.

അടുത്ത നിമിഷം ആ മനുഷ്യൻ എന്റെ ഗുരുവായി, അദ്ദേഹം പറഞ്ഞു " സാർ ഈ കിളികളെ നോക്കു, പുല്ലിനിടയിൽ നിന്ന് കൊത്തിപ്പെറുക്കുന്ന ആ കുഞ്ഞൻ കിളികളെ, അവയ്ക്ക് സ്വന്തമായി വീടുകൾ ഇല്ല, കാറുകൾ ഇല്ല, ബാങ്ക് ലോൺ ഇല്ല, ക്രെഡിറ്റ് കാർഡ് ഇല്ല, അവർക്കെതിരെകേസ് ഇല്ല സമ്പാദ്യങ്ങൾ ഇല്ല എന്നിട്ടും അവ എത്രമാത്രം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. എല്ലാം ഉണ്ടായിട്ടും നമുക്കെന്തേ ഇത്രമാത്രം പ്രശ്നങ്ങൾ, ഭീതി, ബാധ്യതകൾ, സങ്കടം, പിരിമുറുക്കം.

​ഈ സമയം ഞാൻ യേശു പറഞ്ഞ ബൈബിൾ വാക്യമോർത്തു ആകാശത്തിലെ പറവകളെ നോക്ക്, അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല, എങ്കിലും എത്ര കാര്യമായിട്ടാ അവയെ സൃഷ്ടിച്ച സ്വർഗീയ പിതാവ് പരിപാലിക്കുന്നത്. പക്ഷികളെ ഇത്ര കാര്യമായി സംരക്ഷിക്കുന്ന ദൈവം നമ്മെ കൈവിടുമോ?

ദൈവം നൽകുന്ന സൗഭാഗ്യത്തിൽ ജീവിക്കാൻ മനുഷ്യൻ ശ്രമിക്കില്ല സാർ, അവന്റെ മോഹങ്ങൾ അതിമോഹങ്ങളായും അതിമോഹങ്ങൾ അത്യാഗ്രഹങ്ങളായും വളരുമ്പോൾ ദൈവം അവനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാൻ വിടും, ചരട് പൊട്ടിയ പട്ടം പോലെ. ഈ സമയത്താണ് അവന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏതായാലും സാറിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം, എനിക്ക് വേണ്ടി സാറിന്റെ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി.

ഇങ്ങോട്ട് വന്നതിലും ആശ്വാസത്തോടെ തിരികെപോകുന്ന ആ മനുഷ്യനെ നോക്കി, ആശ്വാസം തേടി അരികിലെത്തി എന്നെ ആശ്വസിപ്പിച്ച് നടന്നകലുന്ന ആ മനുഷ്യന്റെ കാൽപാദങ്ങളിലേക്ക് നോക്കി കുറെ സമയം കൂടി ഞാൻ അവിടെ ഇരുന്നു. അപ്പോഴും ബാങ്ക് ലോണില്ലാത്ത ക്രെഡിറ്റ് കാർഡ് ഇല്ലാത്ത സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ആ കിളികൾ ആ പുൽത്തകിടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.