മുംബൈ: ട്വിറ്ററിന്റെ പുതിയ സിഇഒ പരാഗ് അഗ്രവാളിന് സ്‌കൂള്‍ പഠന കാലത്തെ ഊഷ്മള സൗഹൃദത്തിന്റെ ഓര്‍മ്മകളുമായി മലയാളികളുടെ പ്രിയ ഗായികയും ബംഗാളിയുമായ ശ്രേയ ഘോഷാല്‍ നല്‍കിയ അഭിനന്ദന ട്വീറ്റിനു പിന്നാലെ തുടര്‍ സന്ദേശങ്ങളുടെ കുത്തൊഴുക്ക്. ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ നിന്നു കണ്ടെടുത്ത് വീണ്ടും പോസ്റ്റ് ചെയ്തു പലരും.
സഹപാഠിയായിരുന്ന പരാഗ് അഗ്രവാളിനെ 2010 മെയ് മാസത്തിലാണ് ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ ആദ്യമായി കണ്ടെത്തിയത്.'...ഹേയ്, മറ്റൊരു ബച്പന്‍ കാ ദോസ്തിനെ (ബാല്യകാല സുഹൃത്ത്) കണ്ടെത്തി!
ഭക്ഷണപ്രിയനും സഞ്ചാരിയും... ഒരു സ്റ്റാന്‍ഫോര്‍ഡ് പണ്ഡിതന്‍! പരാഗിനെ പിന്തുടരൂ... ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു! ദയവായി അദ്ദേഹത്തിന് ആശംസകള്‍ നേരൂ, 'അന്നത്തെ ട്വീറ്റ് ഇങ്ങനെ. പഴയ സ്‌നേഹിതയുടെ കരുതലില്‍ ആശ്ചര്യപ്പെട്ട പരാഗ് മറുപടി പറഞ്ഞു, ' ശ്രേയ ഘോഷാല്‍, നീ സ്വാധീനമുള്ളവളാണ്. നിന്നെ പിന്തുടരുന്നവരുടെ സന്ദേശങ്ങള്‍ ട്വിറ്ററിലൂടെ ഒഴുകിയെത്തുന്നുവല്ലോ !' അതിനു ശേഷമായിരുന്നു ട്വിറ്ററിലൂടെ, സൗഹൃദത്തിന്റെ വീണ്ടെടുപ്പ്.
മുംബൈയില്‍ ജനിച്ച പരാഗ് അറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെയാണ് ഗായിക ശ്രേയ ഘോഷാലുമായി ഒരുമിച്ചു പഠിച്ചത്. ബംഗാളിയിലും പിന്നീട് മലയാളത്തിലും ഇപ്പോള്‍ ഹിന്ദി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലും പാടുന്നു ശ്രേയ. ശ്രേയയുടെ പഴയ സഹപാഠി 37-ാം വയസ്സില്‍ ട്വിറ്ററിന്റെ അമരത്ത് എത്തിയത് കഠിനധ്വാനത്തിലൂടെയാണ്. 7.5 കോടി രൂപയാണ് ട്വിറ്റര്‍ വാര്‍ഷിക ശമ്പളമായി പരാഗിന് നല്‍കുക. ബോണസ് കൂടിയാകുമ്പോള്‍ പ്രതിഫലം പിന്നെയും ഗണ്യമായി ഉയരും.
ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും സ്‌കൂള്‍ അധ്യാപികയായ അമ്മയുമായിരുന്നു പരാഗിന്റെ വഴികാട്ടികള്‍. അച്ഛനെപ്പോലെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഉന്നതിയിലെത്തണമെന്ന് കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്നു.
2001-ല്‍ തുര്‍ക്കിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിസിക്സ് ഒളിമ്പ്യാഡില്‍ സ്വര്‍ണമെഡല്‍ നേടി. 2005-ല്‍ മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിങ്ങിലും ബിരുദം. പിന്നീട് അമേരിക്കയിലേക്ക് പോയ പരാഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി.
യാഹൂവില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു. 2011 മുതല്‍ ജീവിതം ട്വിറ്ററിനൊപ്പമായി.ആഡ് എഞ്ചിനീയറായിട്ടായിരുന്നു നിയമനം. ആറു വര്‍ഷത്തിന് ശേഷം ചീഫ് ടെക്നോളജി ഓഫീസറായി. തുടര്‍ന്ന് മെഷീന്‍ ലേണിങ്ങിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കി.ട്വിറ്ററിനൊപ്പം പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒന്നാം സ്ഥാനക്കാരനുമായി. ഡോക്ടറും സ്റ്റാന്‍ഫോര്‍ഡ് മെഡിസിനില്‍ ക്ലിനിക്കല്‍ പ്രൊഫസറുമായ വിനീതയാണ് ഭാര്യ. അന്‍ഷ് ആണ് ഏക പുത്രന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.