മതബോധന ശുശ്രൂഷ ദിവ്യം; സമ്പൂര്‍ണ്ണ ജീവിത രീതിയുടെ ഭാഗമായ ദൈവിക ദൗത്യം: ഡിസംബർ മാസത്തെ പ്രാർത്ഥന നിയോഗം പങ്ക്‌വച്ച് ഫ്രാൻസിസ് പാപ്പ

മതബോധന ശുശ്രൂഷ ദിവ്യം; സമ്പൂര്‍ണ്ണ ജീവിത രീതിയുടെ ഭാഗമായ ദൈവിക ദൗത്യം: ഡിസംബർ മാസത്തെ പ്രാർത്ഥന നിയോഗം  പങ്ക്‌വച്ച്  ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സമ്പൂര്‍ണ്ണ ജീവിതരീതിയുടെ ഭാഗമായുള്ള ദൈവിക ദൗത്യമാണ് മതബോധന ശുശ്രൂഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'കൂട്ടുകാരും അധ്യാപകരുമായി' നല്ല മതബോധന ശുശ്രൂഷ നിര്‍വഹിക്കുന്നവരെ സഭയ്ക്ക് ആവശ്യമുണ്ടെന്നും ഡിസംബര്‍ മാസ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. ദൈവവചനം പ്രഖ്യാപിക്കാന്‍ വിളിക്കപ്പെട്ട മതാദ്ധ്യാപകര്‍ക്കായി ഈ മാസം എല്ലാവരും പ്രത്യേകമായി പ്രാര്‍ത്ഥിക്കണം.

ദൈവവചനം പ്രഖ്യാപിക്കാന്‍ വിളിക്കപ്പെട്ട മതബോധന ശുശ്രൂഷകര്‍ ധൈര്യവും സര്‍ഗ്ഗാത്മകതയും പരിശുദ്ധാത്മാവിന്റെ ശക്തിയും പങ്കിട്ട് വിശ്വാസത്തിന്റെ സാക്ഷികളാകണം; സന്തോഷത്തോടും സമാധാനത്തോടും കൂടി. വിശ്വാസത്തിന്റെ കൈമാറ്റത്തിലും വളര്‍ച്ചയിലും അമൂല്യമായ ദൗത്യമാണവര്‍ നിറവേറ്റുന്നത്.
നിലവില്‍ പല ഭൂഖണ്ഡങ്ങളിലെയും പല രൂപതകളിലും സുവിശേഷവല്‍ക്കരണം അടിസ്ഥാനപരമായി മതബോധന ശുശ്രൂഷ നിര്‍വഹിക്കുന്നവരുടെ കൈകകളിലാണെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു.ജീവിതം കൊണ്ട് അവര്‍ സുവിശേഷം പ്രഘോഷിക്കുന്നു. സഭയ്ക്ക് ഇത്തരത്തില്‍ സൃഷ്ടിപരമായി സുവിശേഷം പ്രഘോഷിക്കുന്നവരെ ആവശ്യമുണ്ട്. മൗനത്തിലൂടെയോ ഉച്ചഭാഷണത്തിലൂടെയോ നിറവേറ്റേണ്ടതല്ല ആ ശുശ്രൂഷ. മറിച്ച്, ജീവിതം കൊണ്ട്, സൗമ്യതയോടെ, പുതിയ ഭാഷയിലൂടെ, പുതിയ വഴികള്‍ തുറന്നാകണം അത്.

യുവാക്കളായ മതബോധന ശുശ്രൂഷകര്‍ പരസ്പരം പാദങ്ങള്‍ കഴുകുന്നതിന്റെ ചുവര്‍ചിത്രത്തിലൂടെ ഡിസംബറിലെ പോപ്പ് വീഡിയോയില്‍ മതബോധനത്തിനായുള്ള 'പുതിയ ഭാഷ' അനാവരണം ചെയ്തിട്ടുണ്ട്. ആന്റിക്വം മിനിസ്റ്റീരിയം എന്ന അപ്പസ്‌തോലിക പ്രബോധനം വഴി മതബോധനത്തെ ഔപചാരിക അല്‍മായ ശുശ്രൂഷയായി ഈ വര്‍ഷമാദ്യം ഫ്രാന്‍സിസ് മാര്‍പാപ്പ പുനഃസ്ഥാപിച്ചിരുന്നു.

മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും പ്രാര്‍ത്ഥന നിയോഗങ്ങൾ :

ജനുവരി 2021

മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021

സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021

അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021

മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021

ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021


വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021

സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021

സഭ സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021

പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021


മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021

വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021

വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
സെപ്റ്റംബർ


മാർപാപ്പയുടെ ഡിസംബർ മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.