സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മാത്രം ഏട്ടു പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നു മാത്രം പുതുതായി രണ്ട് ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിംഗപ്പൂരില്‍നിന്ന് സിഡ്‌നിയിലെത്തിയ ഒരാള്‍ക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ എട്ടായി ഉയര്‍ന്നത്. സമ്പൂര്‍ണ വാക്‌സിന്‍ കൈവരിച്ച വ്യക്തി നവംബര്‍ 28-ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിലാണ് സിഡ്‌നിയിലെത്തിയത്. അടുത്തിടെ ദക്ഷിണാഫ്രിക്കയിലായിരുന്ന ഇയാള്‍ സിഡ്‌നിയില്‍ എത്തിയതു മുതല്‍ ഹോട്ടല്‍ ക്വാറന്റീനിലാണ്.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിലെത്തിയ എല്ലാ യാത്രക്കാരോടും ഉടന്‍ തന്നെ പരിശോധന നടത്താനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ഐസൊലേറ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 23-ന് ദോഹയില്‍നിന്ന് സിഡ്‌നി വിമാനത്താവളത്തിലെത്തിയ കുട്ടിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതേസമയം ഈ കുട്ടിയും കുടുംബവും ദക്ഷിണാഫ്രിക്കയില്‍ സമയം ചെലവഴിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. വിമാനത്തില്‍നിന്ന് വൈറസ് ബാധിച്ചെന്നാണ് നിഗമനം.
കോവിഡ് വാക്‌സിനെടുക്കാന്‍ പ്രായമാകാത്ത കുട്ടിക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച മാതാപിതാക്കളും കോവിഡ് പോസിറ്റീവാണ്. ഇവരെ ബാധിച്ചത് ഒമിക്രോണാണോ എന്നറിയുന്നതിനുള്ള ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. ഇവര്‍ സിഡ്‌നിയില്‍ ക്വാറന്റീനിലാണ്.
ഒമിക്രോണ്‍ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനശേഷിയെക്കുറിച്ചും കൂടുതല്‍ അറിയുന്നതുവരെ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ നൂറുകണക്കിന് രാജ്യാന്തര യാത്രക്കാരില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് ഇതുവരെ എട്ട് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ വരുന്ന എല്ലാവരും വീണ്ടും പരിശോധന നടത്തണമെന്ന് ആരോഗ്യ അധികാരികള്‍ അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 22 മുതല്‍ സംസ്ഥാനത്തേക്കു വന്ന 500 യാത്രക്കാരില്‍ നിന്നെടുത്ത സ്രവ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവായതായി ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് പറഞ്ഞു.
ബുധനാഴ്ച്ച രാത്രി എട്ടു മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിച്ച 271 കോവിഡ് കേസുകളും ഡെല്‍റ്റ അണുബാധയാണ്. അധികാരികള്‍ അതീവ ജാഗ്രതയില്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ, ഈശ്വാറ്റിനി, മലാവി എന്നീ രാജ്യങ്ങളില്‍നിന്ന് ഓസ്ട്രേലിയയില്‍ എത്തിയ എല്ലാ യാത്രക്കാരും പുതിയ നിയമപ്രകാരം 14 ദിവസത്തേക്ക് സ്വയം ഐസൊലേഷനില്‍ പ്രവേശിച്ച് ഉടന്‍ പരിശോധനയ്ക്ക് വിധേയരാകണം.
ആരോഗ്യ ഉത്തരവുകള്‍ പാലിക്കാത്തതിനുള്ള പിഴ കമ്പനികള്‍ക്ക് 10,000 ഡോളറായും വ്യക്തികള്‍ക്ക് 5,000 ഡോളറായും ഉയര്‍ത്തി.
ദക്ഷിണാഫ്രിക്കയില്‍ പോയിട്ടില്ലാത്ത, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് 72 മണിക്കൂറിന് ശേഷം കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഐസൊലേഷന്‍ വിടാം.
സിഡ്നിയിലെ കാബ്രമറ്റയില്‍നിന്നുള്ള ഒരാള്‍ക്കും ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആറ് മാസമായി ഇയാള്‍ നൈജീരിയയിലായിരുന്നു. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് കാബ്രമട്ടയിലെ സമൂഹം അതീവ ജാഗ്രതയിലാണ്.
ഓസ്ട്രേലിയയില്‍ ആകെ ഒമ്പത് ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ക്വാറന്റീനിലുള്ള ഒരാള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.