ഫിലിപ്പീന്‍സില്‍ ഏഴു കുട്ടികളെ ദുരുപയോഗം ചെയ്ത ഓസ്‌ട്രേലിയന്‍ പൗരന് അഞ്ച് വര്‍ഷം തടവ്

ഫിലിപ്പീന്‍സില്‍ ഏഴു കുട്ടികളെ ദുരുപയോഗം ചെയ്ത ഓസ്‌ട്രേലിയന്‍ പൗരന് അഞ്ച് വര്‍ഷം തടവ്

ബ്രിസ്ബന്‍: ഫിലിപ്പീന്‍സില്‍ ഏഴു കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പൗരന് ജയില്‍ ശിക്ഷ. ബ്രിസ്ബന്‍ സ്വേദശിയായ നീല്‍ ആന്‍ഡ്രൂ ലിയാല്‍ റോബാര്‍ഡ്സ് (68) എന്നയാള്‍ക്കാണ് ക്വീന്‍സ്‌ലന്‍ഡ് ജില്ലാ കോടതി വ്യാഴാഴ്ച അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

അന്താരാഷ്ട്ര ബാലപീഡന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. ഫിലിപ്പീന്‍സില്‍ വച്ച് നിരവധി കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എ.എഫ്.പി) നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രിസ്ബന്‍ പൗരന്‍ ജയിലായത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി റോബാര്‍ഡ്സ് തായ്ലന്‍ഡിലെയും ഫിലിപ്പീന്‍സിലെയും ആളുകള്‍ക്ക് പണം കൈമാറിയതായി പോലീസ് കണ്ടെത്തി. ഈ ശൃംഖലയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഫിലിപ്പീന്‍സിലെ ഒരു സ്ത്രീയും ബ്രിട്ടനിലെ ഒരു പുരുഷനുമാണ് അറസ്റ്റിലായത്.

2020 ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയ റോബാര്‍ഡ്സിനെ ബ്രിസ്ബന്‍ വിമാനത്താവളത്തില്‍ വെച്ചാണ് എ.എഫ്.പി അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥര്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, ഫോണ്‍, യുഎസ്ബി ഡ്രൈവ് എന്നിവ പരിശോധിച്ചപ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ കണ്ടെത്തി.

റോബാര്‍ഡ്സിന്റെ അറസ്റ്റിനെതുടര്‍ന്ന് ഫിലിപ്പൈന്‍ പോലീസ് മിന്‍ഡനാവോ ദ്വീപില്‍ തിരച്ചില്‍ നടത്തി മൂന്നിനും 14നും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.

റെയ്ഡിനു ശേഷം 51 വയസുകാരനായ ബ്രിട്ടീഷ് പൗരനെ സെപ്റ്റംബറില്‍ യുകെയില്‍ അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ലോകത്തെവിടെയായിരുന്നാലും കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടുകയാണ് എഎഫ്പിയുടെ ലക്ഷ്യമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ജെയ്ന്‍ ക്രോസ്ലിംഗ് പറഞ്ഞു. കുട്ടികളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് എഎഫ്പി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2019-ല്‍ സ്ഥാപിതമായതിനു ശേഷം, ഫിലിപ്പൈന്‍ ഇന്റര്‍നെറ്റ് ക്രൈംസ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ സെന്റര്‍ 147 ഓപ്പറേഷനുകള്‍ നടത്തി 445 കുട്ടികളെ രക്ഷിച്ചു. തൊണ്ണൂറ്റിമൂന്ന് പ്രതികളെയും അവരെ സഹായിച്ചവരെയും പ്രതികളാക്കുകയും 18 കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26