അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 04
പൗരസ്ത്യ സഭാ പിതാക്കന്‍മാരില്‍ ഒടുവിലത്തെ ആളായ വിശുദ്ധ ജോണ്‍ ഡമസീന്‍ സിറിയയിലെ ഡമാസ്‌കസിലാണ് ജനിച്ചത്. അങ്ങനെയാണ് ഡമസീന്‍ എന്ന പേരുണ്ടായത്. വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീന്‍.
ജോണ്‍ ജനിച്ചപ്പോള്‍ ഡമാസ്‌കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ് ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലും ഖലീഫയുടെ പൊതു ആദായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. കൊസ്‌മോസ് എന്ന സന്യാസിയായിരുന്നു ജോണിന്റെ ആധ്യാപകന്‍.
അദ്ദേഹം ജോണിനെ ദൈവ ശാസ്ത്രവും ശാസ്ത്രവും സാഹിത്യവും പഠിപ്പിച്ചു. പിതാവിന്റെ മരണശേഷം അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. പ്രതിമാ വന്ദകര്‍ക്കെതിരായി 726 ല്‍ നടന്ന മര്‍ദ്ദനത്തെ ജോണ്‍ ശക്തമായി എതിര്‍ത്തു. വൈകാതെ ഉദ്യോഗം രാജിവച്ച് 730 ല്‍ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു.
ഈ ആശ്രമത്തില്‍ ജോണ്‍ ഗ്രന്ഥ രചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍ ജോണ്‍ ഇതിനെതിരെ രംഗത്തു വരികയും ഈ പഴയ ആചാരങ്ങള്‍ കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു.
ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നാല്‍ കുറെ കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും ശിഷ്ട കാലം മുഴുവനും ഗ്രന്ഥ രചനയ്ക്കായി വിനിയോഗിക്കുകയും ചെയ്തു. 'ബുദ്ധിയുടെ ധാര' എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.
ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവ ശാസ്ത്രജ്ഞരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവ ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാനുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ വിശുദ്ധ ജോണ്‍ ഡമസീനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കൊളോണിലെ അന്നോണ്‍
2. ഉബെര്‍ട്ടിയിലെ ബെര്‍ണാര്‍ഡ്
3. ബുര്‍ജെസിലെ ബെര്‍ടൊവാറാ
4. നിക്കോമേഡിയായിലെ ബാര്‍ബരാ
5. മാന്‍സ് മഠത്തിലെ ആബട്ടായ അഡാ.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26