ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നൂറോളം പേര്‍ക്കു പരിക്കേറ്റു. കുടുങ്ങിക്കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിപ്പാര്‍പ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎന്‍പിബി അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്നു മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമീപഗ്രാമങ്ങളിലേക്കു ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്ഫോടനത്തെതുടര്‍ന്ന് 13 പേരാണ് മരിച്ചതെന്നും മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ബിഎന്‍പിബി ഉദ്യോഗസ്ഥന്‍ അബ്ദുള്‍ മുഹരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ തൊണ്ണൂറ്റിയെട്ട് പേര്‍ക്കു പരിക്കേറ്റതായും 902 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഏഴു പേരെ കാണാതായി. ഡസന്‍ കണക്കിന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീയും ലാവയും ശക്തമായി ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തി.
കഴിഞ്ഞ ജനുവരിയിലാണ് അഗ്‌നിപര്‍വ്വതം ഇതിനു മുമ്പ് പൊട്ടിത്തെറിച്ചത്. 2017-ലും 2019-ലും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെതുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആകാശമാകെ പുക ഉയരുന്നത് കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടിരുന്നു. പ്രദേശത്ത് കൂടി പറക്കുന്ന വിമാനങ്ങള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
12,000 മീറ്റര്‍ ഉയരത്തില്‍ ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഇടിമിന്നലും മഴയും ഉണ്ടായി. ഇത് കട്ടിയുള്ള ചെളി രൂപപ്പെടാന്‍ കാരണമായെന്നും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായും അധികൃതര്‍ അറിയിച്ചു.
ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വതമാണ് സെമേരു. ഏകദേശം 130 ഓളം സജീവ അഗ്‌നിപര്‍വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. കഴിഞ്ഞ ജനുവരിയിലും സെമേരുവില്‍ പൊട്ടിത്തെറിയുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.