'ദേശീയ അഹംഭാവത്താല്‍ കീറിമുറിക്കപ്പെട്ട' യൂറോപ്പിനെ ശാസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ;ചരിത്രമായി സൈപ്രസ്, ഗ്രീക്ക് പര്യടനം

 'ദേശീയ അഹംഭാവത്താല്‍ കീറിമുറിക്കപ്പെട്ട' യൂറോപ്പിനെ ശാസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ;ചരിത്രമായി സൈപ്രസ്, ഗ്രീക്ക് പര്യടനം

ഏഥന്‍സ്: സൈപ്രസ്, ഗ്രീക്ക് അപ്പസ്‌തോലിക സന്ദര്‍ശനങ്ങള്‍ ചരിത്ര സംഭവമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലെ കുടിയേറ്റ വിഷയത്തിലുള്ള സഭയുടെ ഉത്ക്കണ്ഠയും ആര്‍ദ്രതയും നേരിട്ട് പങ്കുവച്ചും പൗരാണിക ക്രൈസ്തവികതയുടെ കെടാദീപങ്ങളില്‍ പുതിയ എണ്ണ പകര്‍ന്നുമാണ് ഇരു രാജ്യങ്ങളിലെയും പര്യടനം മാര്‍പാപ്പ പൂര്‍ത്തിയാക്കിയത്.

ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി അവിടത്തെ വേദനകള്‍ ഉള്‍ക്കൊണ്ട മാര്‍പാപ്പ ഒരു കത്തോലിക്കാ സ്‌കൂളില്‍ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രീസിലെ ത്രിദിന സന്ദര്‍ശനത്തിനു വിരാമം കുറിച്ച് ഏഥന്‍സില്‍ നിന്ന് റോമിലേക്ക് മടങ്ങി.യൂറോപ്പിലെ കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കാത്തതിലുള്ള വ്യഥ അദ്ദേഹം പ്രത്യേകിച്ച് പ്രകടമാക്കി.

വളരെക്കാലമായി കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ സജീവമായി ഇടപെട്ടുവരുന്ന മാര്‍പാപ്പ 'ദേശീയ അഹംഭാവത്താല്‍ കീറിമുറിക്കപ്പെട്ട' യൂറോപ്പിന് കടുത്ത ശാസന നല്‍കി സന്ദര്‍ശനത്തിലൂടെ.ഗ്രീസില്‍ എത്തുന്നതിനുമുമ്പ്, മാര്‍പ്പാപ്പ സൈപ്രസ് സന്ദര്‍ശിച്ചിരുന്നു.അവിടെ ദുഃഖ ദുരിതങ്ങള്‍ പങ്കു വച്ച 50 കുടിയേറ്റക്കാരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതരെക്കൊണ്ടു സമ്മതിപ്പിച്ചു.അര്‍ജന്റീനയില്‍ സ്ഥിരതാമസമാക്കിയ ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ കുടുംബത്തില്‍ നിന്നുള്ളയാളാണ് 84 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവനെ കണ്ട ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ലെസ്‌ബോസിലെ മാവ്റോവൂണി അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചത്. കുടിയേറ്റക്കാരെ അവഗണിക്കുന്നതിലൂടെ വ്യക്തമാകുന്നത് 'നാഗരികതയുടെ കപ്പല്‍ തകര്‍ച്ച' യാണെന്ന് പാപ്പ പറഞ്ഞു.അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ഏഥന്‍സില്‍ ഏകദേശം 2,000 വിശ്വാസികളോടൊത്ത് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചു. 'ചെറിയവരെയും താഴ്ന്നവരെയും' ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യം വചനസന്ദേശത്തിലൂടെ പാപ്പ ഓര്‍മ്മിപ്പിച്ചു.

യൂറോപ്പിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ പ്രധാന കവാടമായ ലെസ്‌ബോസിലെ മോറിയ ക്യാമ്പ് 2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു.യൂറോപ്പിലെ അത്തരത്തിലുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി കേന്ദ്രമായിരുന്ന മോറിയ കഴിഞ്ഞ വര്‍ഷം കത്തിനശിച്ചതിനെത്തുടര്‍ന്നാണ് മാവ്റോവൂനി ക്യാമ്പ് തിടുക്കത്തില്‍ സ്ഥാപിച്ചത്.



മാവ്റോവൂണിയിലെ ഇത്തവണത്തെ പാപ്പാ സന്ദര്‍ശനം 2016-നെ അപേക്ഷിച്ച് ഹ്രസ്വമായിരുന്നു. എന്നാല്‍ 2,200 ഓളം അഭയാര്‍ഥികള്‍ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.അവര്‍ പിന്നീട് ഒരു കൂടാരത്തില്‍ ഒത്തുകൂടി, മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ പാട്ടുകളും സങ്കീര്‍ത്തനങ്ങളും ആലപിച്ചു. സമ്മിശ്ര വികാരങ്ങളോടെ പാപ്പ അതാസ്വദിച്ചു.'ഞാന്‍ നിങ്ങളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്'-പാപ്പ അവരോട് പറഞ്ഞു.

'ശവകുടീരങ്ങളില്ലാത്ത സെമിത്തേരി'

'ശവകുടീരങ്ങളില്ലാത്ത ഒരു ഭീകരമായ സെമിത്തേരിയായി മാറുകയാണ്' മെഡിറ്ററേനിയന്‍ എന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ പരിതപിച്ചു. 'ഇത്രയും കാലം കഴിഞ്ഞിട്ടും, കുടിയേറ്റ വിഷയത്തില്‍ ലോകത്ത് ചെറിയ മാറ്റം പോലും സംഭവിച്ചിട്ടില്ല. ഈ പ്രശ്‌നത്തിനു പിന്നിലെ
മൂലകാരണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടത്'. പാവങ്ങള്‍ നേരിടുന്ന പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെ പാപ്പ വിമര്‍ശിച്ചു.ഈ വര്‍ഷം അപകടകരമായ സാഹചര്യങ്ങളിലൂടെ മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിച്ച് 1,559 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ കണക്കാക്കിയിട്ടുള്ളത്.



ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോ, യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് മാര്‍ഗരിറ്റിസ് ഷിനാസ്, ഗ്രീക്ക് മൈഗ്രേഷന്‍ മന്ത്രി നോട്ടിസ് മിറ്റാരാച്ചി എന്നിവരുടെ സാന്നിധ്യത്തില്‍ കാമറൂണില്‍ നിന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുമുള്ള 40 അഭയാര്‍ത്ഥികളും പാപ്പയ്ക്കൊപ്പം അഭയാര്‍ത്ഥി ക്യാമ്പ് ടെന്റിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

'അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒരു അനുഗ്രഹമാണ്,'- രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുകൊണ്ട് ചടങ്ങിനായി വരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ കോംഗോയിലെ അഭയാര്‍ത്ഥി റോസെറ്റ് ലിയോ മാധ്യമങ്ങളോടു പറഞ്ഞു. ദ്വീപില്‍ രണ്ട് വര്‍ഷമായി അഭയാര്‍ത്ഥിത്വത്തിന്റെ വേദന അനുഭവിക്കുന്ന സിറിയക്കാരി മെനല്‍ അല്‍ബിലാല്‍ കൈക്കുഞ്ഞിനെ ഏന്തി നില്‍ക്കവേ അഭ്യര്‍ത്ഥിച്ചു: 'വാക്കുകള്‍ക്കപ്പുറമായി ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്.' ഇവിടത്തെ സാഹചര്യങ്ങളില്‍ ഒരു കുഞ്ഞിന് വളരാനാകില്ലെന്നും അവര്‍ എഎഫ്പിയോട് പറഞ്ഞു.

'ഗ്രീക്ക് ഗവണ്‍മെന്റ് ഞങ്ങളെക്കുറിച്ച് ചിന്തിക്കണം, ഞങ്ങള്‍ രണ്ട് വര്‍ഷമായി ജോലിയോ വിദ്യാഭ്യാസമോ ഇല്ലാതെ ഇവിടെയുണ്ട്,'- കാമറൂണില്‍ നിന്നുള്ള ഫ്രാങ്കോയിസ് വോംഫോയുടെ വാക്കുകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.