ചെന്നൈ: രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ എ. പ്രദീപ് (37) ആണ് ഊട്ടിക്ക് അടുത്ത് കുനൂരിലുണ്ടായ ഹെലികോപ്റ്ററില്‍ അപകടത്തില്‍ മരിച്ചത്. ഇദ്ദേഹം വ്യോമസേന വാറന്റ് ഓഫീസറാണ്.
ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004-ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കോയമ്പത്തൂര്‍ സുലൂര്‍ ബേസ് ക്യാമ്പിലാണ് നിലവില്‍ പ്രദീപ് പ്രവര്‍ത്തിക്കുന്നത്.
കുറച്ചുദിവസം മുമ്പ് മകന്റെ ജന്മദിനവും അച്ഛന്‍ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്പാണ് മടങ്ങിയത്.
ദുരന്തത്തില്‍ കൊല്ലപ്പെട്ട 13 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് അപകടത്തെ അതിജീവിച്ചത്. മുംബൈയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിക്ക് മടങ്ങി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജനറല്‍ ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തി മകളെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി ഇന്ന് പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തും. സംഭവത്തില്‍ കര വ്യോമസേനകള്‍ ഉന്നതതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഊട്ടിക്ക് സമീപം കൂനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റര്‍ താഴെ വീഴുന്നതിന് മുന്‍പ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.